thrissur local

വെടിക്കെട്ട്: പെസോ അനുവദിച്ച സാമഗ്രികള്‍ ഉപയോഗിക്കാം- ജില്ലാ കലക്ടര്‍

തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് ഉപയോഗിക്കാന്‍ പെസോ അനുമതി നല്‍കിയ വെടിക്കെട്ടു സാമഗ്രികള്‍ ഈ വര്‍ഷവും ഉപയോഗിക്കാമെന്ന് നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
4 ഃ 4 ഃ 4 - 6 ഃ 6 ഃ 6 സെ.മീ വലിപ്പമുളള ഓലപ്പടക്കം, 6.8 സെ.മീ വ്യാസമുളള ഗുണ്ട്, 4 ഇഞ്ച് വലിപ്പമുളള കുഴിമിന്നല്‍, ആറ് ഇഞ്ച് വ്യാസമുളള അമിട്ട് എന്നിവ ഉപയോഗിക്കാനാണ് അനുമതിയെന്നും കളക്ടര്‍ അറിയിച്ചു. പൂരം നടക്കുന്ന തേക്കിന്‍കാട് മൈതാനത്തിനു മുകളില്‍ ഹെലികാം, ഹെലിക്കോപ്റ്റര്‍ എന്നിവയുടെ പറക്കല്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ നിരോധിച്ചിട്ടുണ്ട്. മുഴക്കമുളള വിസിലുകള്‍, ട്യൂബ് ബലൂണുകള്‍, ലേസര്‍ ടോര്‍ച്ചുകള്‍, നാസിക് ഡോള്‍ എന്നിവയും ജിബ് ക്യാമറകളും നിരോധിച്ചിട്ടുണ്ട്. മദപ്പാടുളള ആനകള്‍, കുറുമ്പുളള ആനകള്‍ തുടങ്ങി പ്രശ്‌നക്കാരായ ആനകള്‍ 24, 25, 26 തീയതികളില്‍ ടൗണില്‍ പ്രവേശിക്കാന്‍ പാടുളളതല്ല. പൂരം സുഗമമായി കാണുവാന്‍ എം ഒ റോഡ്, രാഗം, എം ജി റോഡിലെ കാര്‍ പാര്‍ക്കിങ്ങ് ഏരിയ, കരുണാകരന്‍ നമ്പ്യാര്‍ റോഡ്, പാറമേക്കാവിനടുത്തുളള സബ്‌വേ എന്നിവിടങ്ങളില്‍ എല്‍ ഇ ഡി വാള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടു നടക്കുന്ന ഇടത്തു നിന്ന് 100 മീറ്റര്‍ അകലെ നിന്ന് കാണിക്കള്‍ക്ക് കാണാനുളള സൗകര്യം ഒരുക്കും. വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കുന്ന മാഗസിനില്‍ നിന്ന് 45 മീറ്റര്‍ അകലം പാലിക്കണം. പൂരത്തിന് നിരക്കുന്ന ആനകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് അകലം പാലിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൂരം നടത്തുക. പൂരപ്പറമ്പ് വൃത്തിയാക്കാന്‍ കോര്‍പ്പറേഷന്‍, കുടുംബശ്രീ, ഡി റ്റി പി സി എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ സാമഗ്രികള്‍ ശുചിയോടെയാണെന്നുറപ്പുവരുത്താന്‍ ഫുഡ് സേഫ്റ്റി വകുപ്പിനെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
മരങ്ങളുടെ ഉണങ്ങിയ ശാഖകള്‍ വെട്ടിമാറ്റും. അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് കോര്‍പ്പറേഷന്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കും. പഴയ കെട്ടിടങ്ങളില്‍ കയറി പൂരം കാണുന്നത് നിരോധിച്ചിട്ടുളളതായി കളക്ടര്‍ അറിയിച്ചു. ഹോട്ടലുകളും ലോഡ്ജുകളും അമിത ചാര്‍ജ്ജ് ഈടാക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുളളതിനാല്‍ ഹോട്ടല്‍ ലോഡ്ജ് ഉടമകളുടെ യോഗം ചേരുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ എഡിഎം സി ലതിക സന്നിഹിതയായി.
Next Story

RELATED STORIES

Share it