Flash News

വെടിക്കെട്ടപകടം; രണ്ടു മരണം

തിരുവല്ല: ഇരവിപേരൂര്‍ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ഉല്‍സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവന്‍ചിറ കിഴക്കതില്‍ ഗുരുദാസ് (45), ഭാര്യ ആശ (സുഷമ-35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നെയ്യാറ്റിന്‍കര ഒറ്റശേഖര മംഗലം ശിവമന്ദിരത്തില്‍ സ്വര്‍ണമ്മ (64), നെയ്യാറ്റിന്‍കര കുമാരവിലാസം വിജയകുമാരി (45), ഏഴംകുളം പുതുമല നെല്ലിക്കാമുറിപ്പേല്‍ തേജസ് (26), ഇരവിപേരൂര്‍ വള്ളംകുളം സ്വദേശി മേമന വീട്ടില്‍ പ്രഭാകരന്‍ (64), പൊന്‍കുന്നം ചിറക്കടവില്‍ ലീലാമണി എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂന്നു സ്ത്രീകള്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ അമ്പലക്കടവ് ഒറ്റവരമ്പ് അഭിജിത്തിനെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. വെടിക്കെട്ട് കരാറുകാരന്‍ വള്ളംകുളം മേമന പള്ളത്ത് വീട്ടില്‍ എം എസ് സുനില്‍ കുമാര്‍ എന്നയാളുടെ സഹോദരീ ഭര്‍ത്താവാണ് മരിച്ച ഗുരുദാസ്. ഇദ്ദേഹവും ഭാര്യ ആശയും വെടിക്കെട്ട് കരാര്‍ ഏറ്റെടുത്ത സംഘത്തിലെ അംഗങ്ങളായിരുന്നു.
ഇരവിപേരൂര്‍ പൊയ്കയില്‍പ്പടിയില്‍ ഇന്നലെ രാവിലെ 9.30നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സ്‌ഫോടനത്തില്‍ വെടിക്കെട്ട് പുരയുടെ ലോഹ മേല്‍ക്കൂര ഷീറ്റുകള്‍ ചിതറിത്തെറിച്ചു.
വെടിപ്പുരയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന അഗ്നിശമന യൂനിറ്റിന്റെ ടാങ്കര്‍ ലോറിയുടെ പിറകുവശം സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനം നടക്കുമ്പോള്‍ ഹാളിനുള്ളില്‍ പ്രാര്‍ഥന നടക്കുകയായിരുന്നു. തലേ ദിവസത്തെ ഉറക്കക്ഷീണത്തില്‍ സമീപ പന്തലുകളില്‍ ധാരാളം പേര്‍ ഉറക്കത്തിലായിരുന്നതായും പറയപ്പെടുന്നു. ധാരാളം പേര്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനായി പോയതിനാലാണ് കൂടുതല്‍ അപകടം ഉണ്ടാവാതിരുന്നതെന്നു പോലിസ് പറഞ്ഞു. കഴിഞ്ഞ 13ന് ആരംഭിച്ച ശ്രീകുമാരഗുരുദേവന്റെ ജന്മദിന മഹോല്‍സവം ഇന്നു സമാപിക്കാനിരിക്കെയാണ് നാടിനെ നടുക്കിയ വെടിക്കെട്ടപകടം. സംഭവമറിഞ്ഞ ഉടന്‍ പോലിസും സുരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും പിആര്‍ഡിഎസ് ആവശ്യപ്പെട്ടു.
അപകടവിവരമറിഞ്ഞു ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പോലിസ് മേധാവി ജേക്കബ് ജോബ്, ആര്‍ഡിഒ ടി കെ വിനീത്, തഹസില്‍ദാര്‍ ശോഭന ചന്ദ്രന്‍, അഡീഷനല്‍ തഹസില്‍ദാര്‍ സതീശ് കുമാര്‍, ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരായ ടി കെ ശ്രീജ, ലീന വി നായര്‍, തിരുവല്ല സിഐ രാജപ്പന്‍ റാവുത്തര്‍ എന്നിവരെത്തി പരിശോധനകള്‍ നടത്തി. വിവിധ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരും അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it