Kottayam Local

വെച്ചൂരില്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ ആറും ഏഴും വാര്‍ഡുകളില്‍പെട്ട പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍. അച്ചിനകം പാടശേഖരത്തിന്റെ ഭരണസമിതിയുടെ ദുര്‍നടപടിയും അഴിമതിയും കാരണം അരികുപുറം, വലിയവെളിച്ചം, അച്ചിനകം പാടശേഖരങ്ങളിലെ 350 ഏക്കറോളം സ്ഥലത്താണ് നെല്‍കൃഷി നടത്താന്‍ കഴിയാതെ കര്‍ഷകര്‍ ആശങ്കയില്‍ കഴിയുന്നത്. പുഞ്ച സ്‌പെഷ്യല്‍ ഓഫിസര്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനുള്ള പമ്പിങ് ലേലം മാര്‍ച്ച് ആദ്യം നടത്തിയതാണ്. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും വെള്ളം വറ്റിക്കുന്നതിനുള്ള നടപടികള്‍ ഒന്നും തന്നെ അച്ചിനകം പാടശേഖരസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അരികുപുറം, വലിയ വെളിച്ചം, അച്ചിനകം പാടശേഖരങ്ങളില്‍ ഒരുപോലെ വെള്ളം വറ്റിച്ചെങ്കില്‍ മാത്രമേ കൃഷിയിറക്കാന്‍ സാധിക്കുകയുള്ളൂ. വെള്ളം വറ്റിക്കുന്നതിനായി മറ്റുപാടശേഖരങ്ങളില്‍ മോട്ടോര്‍ ഓടി തുടങ്ങിയെങ്കിലും അച്ചിനകം പാടശേഖരത്തിന്റെ പെട്ടിമട തള്ളിയതിനെ തുടര്‍ന്ന് വീണ്ടും വെള്ളത്തിലായി. ഇതേത്തുടര്‍ന്ന് പുറം ബണ്ടുകളില്‍ താമസിക്കുന്ന കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമായിത്തീര്‍ന്നു. നിരവധി കര്‍ഷകരുടെ വഴ, കപ്പ, പച്ചക്കറി കൃഷികളിലും വെള്ളം കയറി. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും ഏറിവരികയാണ്. ഈ സാഹചര്യത്തില്‍ അച്ചിനകം പാടശേഖരത്തിന്റെ പെട്ടിമട  എത്രയുംവേഗം ഉറപ്പിച്ച് കര്‍ഷകരുടെ ആശങ്കയകറ്റുന്നതിന് വെച്ചൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന കര്‍ഷകസംഘടന സംസ്ഥാന കമ്മിറ്റി അംഗം സി എസ് രാജു ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it