വൃദ്ധസദനത്തിലെ കൂട്ടമരണം: സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം

എടപ്പാള്‍: തവനൂരിലെ സാമൂഹികക്ഷേമ വകുപ്പിനു കീഴിലുള്ള വൃദ്ധമന്ദിരത്തില്‍ രണ്ടു ദിവസത്തിനകം നാല് അന്തേവാസികള്‍ മരിച്ചത് സ്വാഭാവികമായ മരണമാണെന്ന് പ്രാഥമിക റിപോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയ റിപോര്‍ട്ടിലാണ് ഇത് സ്ഥിരീകരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്ന ഇവരുടെ ആന്തരികാവയവങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ മാത്രമേ അസ്വഭാവികമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന വിവരം അറിയാനാവൂവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. അതിനിടെ ജില്ലാ സാമൂഹികനീതി ഓഫിസര്‍ തസ്്‌നി ഇന്നലെ തവനൂര്‍ വൃദ്ധമന്ദിരത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണു വൃദ്ധമന്ദിരത്തിലെ നാല് അന്തേവാസികള്‍ മരിച്ചത്. മരണങ്ങള്‍ ദുരൂഹത ഉയര്‍ത്തുന്നുവെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു നാട്ടുകാര്‍ സ്ഥാപനം ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് തിരൂര്‍ ആര്‍ഡിഒ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലിസ് മേധാവിയോടും ജില്ലാ കലക്ടറോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it