ernakulam local

വൃദ്ധനെ കൊലപ്പെടുത്തിയ സംഭവം; പതിനേഴുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ മീന്‍ വില്‍പനക്കാരനായ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഫോ ര്‍ട്ട്‌കൊച്ചി സ്വദേശി പതിനേഴുകാരന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത് ഇന്നലെ. മുഖ്യപ്രതി ചൈനാ അനൂപിന്റെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയെങ്കിലും കേസില്‍ കൂട്ട് പ്രതിയായ പതിനേഴുകാരന്റെ അറസ്റ്റ് പോലിസ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ് ഇല്ലാതിരുന്നതിനാല്‍ ഇന്ന് വീണ്ടും ഹാജരാക്കും.കഞ്ചാവ് ലഹരിക്കടിമകളായ രണ്ട് പ്രതികളും വയോധികനായ ഹസ്സനെ കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. ഹസ്സന്റെ കയ്യിലെ പണം തട്ടിയെടുക്കാനുള്ള പ്രതികളുടെ ശ്രമത്തിനിടയില്‍ ഇയാള്‍ ഉണരുകയും ചെറുക്കുകയുമായിരുന്നു. മോഷണശ്രമം ഹസ്സന്‍ അറിഞ്ഞുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തി ല്‍ ആറ് വാരിയെല്ലുകള്‍ തകര്‍ന്ന ഹസ്സന്‍ ബോധ രഹിതനായി. എന്നാല്‍ മരിച്ചുവെന്ന് കരുതി ക്വാര്‍ട്ടേഴ്‌സിനുള്ളിലെ രണ്ടാമത്തെ വാട്ടര്‍ ടാങ്കിന്റെ സ്ലാബ് നീക്കി അതില്‍ ഇടുകയായിരുന്നു. എന്നാല്‍ ടാങ്കിലെ വെള്ളത്തില്‍ വീണതോടെ ഹസ്സന് ബോധം വരികയും ഇത് മനസ്സിലാക്കിയ പ്രതികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സ്ലാബ് ഉപയോഗിച്ച് ടാങ്ക് മൂടുകയുമായിരുന്നു. ടാങ്കിനുള്ളില്‍ വച്ചാണ് ഹസ്സന്‍ മരിച്ചത്. ഇതിന് ശേഷം അവിടെ നിന്ന് പോയ പ്രതികളില്‍ അനൂപ് സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ പതിനേഴുകാരന്‍ രണ്ട് ദിവസത്തിന് ശേഷം രണ്ട് കൂട്ടുകാരുമായി ഇവിടെ എത്തുകയും ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞ് സ്ലാബ് നീക്കി നോക്കുകയുമായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ അറിയുന്നത്. പോലിസ് ആദ്യം ഇവിടെയെത്തിയ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഇതില്‍ പതിനേഴുകാരന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ പല തവണ മൊഴി മാറ്റി പോലിസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it