palakkad local

വീഴ്മല തടയണയില്‍ വെള്ളം നിര്‍ത്താന്‍ ഇനിയും നടപടിയായില്ല

ആലത്തൂര്‍: വീഴ്മല താഴ്‌വരയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച തടയണയില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ ഇനിയും നടപടിയായില്ല. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തിലെ രണ്ടു പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാനായി നിര്‍മിച്ച തടയാണ് ഉപയോഗ ശ്യൂനമായത്.
തടയണയില്‍ നിന്ന് വെള്ളം പുറത്തുപോകുന്നത് തടയാന്‍ പുതിയ ചീര്‍പ്പുകള്‍ സ്ഥാപിക്കാത്തതാണ് വെള്ളം പാഴാകുവാന്‍ കാരണം. തുടക്കത്തില്‍ മരം കൊണ്ട് നിര്‍മിച്ച ചീര്‍പ്പുകളാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കം കൊണ്ടും ചിതലരിച്ചും ഈ ചീര്‍പ്പുകള്‍ തകര്‍ന്നതോടെ പകരം ചീര്‍പ്പുവെയ്ക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും എടുത്തില്ല.
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 13വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ തടയണ നിര്‍മിച്ചത്. പോത്തുണ്ടി ജലസേചന പദ്ധതിയുടെ വാലറ്റമായ വീഴ്മല താഴ് വരയിലെ രണ്ടു പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാനായിരുന്ന പദ്ധതി.
വീഴ്മലയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണമായും ഈ തടയിലേക്കാണ് എത്തുന്നത്. മഴക്കാലത്ത് പൂര്‍ണമായും നിറഞ്ഞൊഴുകുകയും, വേനല്‍ക്കാലത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്ത തടയണയാണ് തുള്ളിവെള്ളം പോലുമില്ലാതെ കിടക്കുന്നത്. അരയേക്കറോളം ആയക്കെട്ട് ഭാഗമുള്ള ഈ തടയണയിലെ വെള്ളം വീഴ്‌ലയില്‍ നിന്നിറങ്ങുന്ന വെള്ളച്ചാലുകളിലൂടെ പോത്തുണ്ടി കനാലിലൂടെ പാടശേഖരങ്ങളിലേക്ക് വിതരണം നടത്താനായിരുന്നു പരിപാടി.
വീഴ്മല തടയണയിലെ വെള്ളം തടഞ്ഞു നിര്‍ത്തി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ പറഞ്ഞു. തടയണ പ്രദേശം ബ്ലോക്ക് പഞ്ചായത്തംഗത്തിനോടൊപ്പം അദ്ദേഹം നേരിട്ടു കണ്ടു. ഉല്‍പാദന മേഖലയില്‍ ഇത്തവണ മാറ്റിവെച്ച തുക ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് സബ്‌സിഡി നല്‍കാനും, നെല്‍കര്‍ഷകര്‍ക്ക് ഉഴവു കൂലി നല്‍കാനുമാണ്.
തടയണയില്‍ വെള്ളം തടഞ്ഞു നിര്‍ത്താനാവശ്യമായ പദ്ധതി തയ്യാറാക്കി ചീര്‍പ്പു സ്ഥാപിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it