വീണ്ടും എറണാകുളം

ടി പി ജലാല്‍

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കോതമംഗലവും മാര്‍ബേസില്‍ കോതമംഗലവും കരുത്തോടെ പോരാടിയപ്പോള്‍ 62ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് കിരീടം വീണ്ടും എറണാകുളം ജില്ലയ്ക്ക്.
നിലവിലെ ജേതാക്കളായ എറണാകുളത്തിന്റെ 13ാം കിരീടമാണിത്. 30 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവുമടക്കം 253 പോയിന്റിന്റെ കരുത്തിലാണ് കിരീടം. 10 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 81 പോയിന്റ് നേടി സെന്റ്‌ജോര്‍ജും 5 സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവും നേടി 50 പോയിന്റുമായി മാര്‍ബേസിലും തേവര എച്ച്എസ്എസ് അഞ്ചു സ്വര്‍ണത്തോടെ 25 പോയിന്റും നേടി എറണാകുളത്തിന്റെ വിജയത്തില്‍ അവിഭാജ്യഘടകമായി.
കല്ലടി എച്ച്എസ് കുമരംപുത്തൂരിന്റെ പ്രകടനത്തില്‍ 196 പോയിന്റ് കരസ്ഥമാക്കിയ പാലക്കാട് രണ്ടാം സ്ഥാനക്കാരായി. പാലക്കാട് ജില്ല നേടിയ 24 സ്വര്‍ണത്തില്‍ 10ഉം 16 വെള്ളിയില്‍ മൂന്നും 13 വെങ്കലത്തില്‍ മൂന്നും ഈ സ്‌കൂളിന്റെ വകയായിരുന്നു. 10 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവും നേടിയ ആതിഥേയര്‍ മൂന്നാംസ്ഥാനം നേടി. നാലാംസ്ഥാനക്കാരായ കോഴിക്കോട് എട്ട് സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവും നേടി. ഒരു വെങ്കലം മാത്രം നേടിയ വയനാട് ജില്ലയാണ് അവസാന സ്ഥാനത്ത്. മൂന്നു ദിവസത്തെ മീറ്റില്‍ ഏഴ് മീറ്റ് റെക്കോഡുകളാണ് പിറന്നത്. സ്‌കൂളുകളില്‍ 81 പോയിന്റ് നേടിയ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസും 62 പോയിന്റ് നേടിയ കല്ലടി എച്ച്എസ് കുമരംപുത്തൂരും 50 പോയിന്റ് നേടിയ കോതമംഗലം മാര്‍ ബേസിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ചെലവുചുരുക്കലിന്റെ ഭാഗമായി വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം വിതരണം ചെയ്തു. ഔദ്യോഗിക ചടങ്ങുകളൊന്നും ഇല്ലാത്തതിനാല്‍ കൃത്യസമയത്തിനു മുമ്പേ തന്നെ മല്‍സരങ്ങള്‍ അവസാനിച്ചിരുന്നു.



Next Story

RELATED STORIES

Share it