Flash News

വീട്ടുമാലിന്യം 26.3% പേരും വലിച്ചെറിയുന്നു : പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപോര്‍ട്ട് പ്രകാശനം ചെയ്തു



തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ സര്‍വേ റിപോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍  സി കത്തിലാങ്കല്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എസ് പി ഹരിഹരന്‍ ഉണ്ണിത്താന്‍ പങ്കെടുത്തു. കൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധസസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സര്‍വേ പ്രകാരം കേരളത്തിലെ ഗാര്‍ഹിക മാലിന്യങ്ങളില്‍ 32.32 ശതമാനം പേര്‍ വീട്ടുവളപ്പില്‍ ഉപേക്ഷിക്കുമ്പോള്‍ 26.30 ശതമാനം ദൂരെ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നു. ബയോഗ്യാസ് നിര്‍മാണത്തിനും മറ്റു സംസ്‌കരണ രീതിയിലേക്കുമായി മാലിന്യം മാറ്റിവയ്ക്കുന്നത് 14.74 ശതമാനം മാത്രമാണ്. 12.5 ശതമാനം മാലിന്യം കത്തിക്കുകയും ചെയ്യുന്നുവെന്ന് സര്‍വേയില്‍ കണ്ടെത്തി. അനധികൃതമായ മണലൂറ്റ് നടക്കുന്നുവെന്ന് 63.69 ശതമാനവും അനധികൃത പാറഖനനം നടക്കുന്നുവെന്ന് 59.61 ശതമാനവും വയല്‍ നികത്തുന്നതായി 67.87 ശതമാനവും പേര്‍ അഭിപ്രായപ്പെട്ടു. 59.9 ശതമാനം പേര്‍ ജലസ്രോതസ്സുകള്‍ നികത്തുന്നതായും 59.62 ശതമാനം തീരം കൈയേറുന്നതായും അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ ശബ്ദമലിനീകരണം അനുഭവപ്പെടുന്നതായി 69.75 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കരിമണല്‍ ഖനനം, അനധികൃത ഫാക്ടറി, ഫഌറ്റ് നിര്‍മാണം എന്നിവ മലിനീകരണത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണമാണ് ഭൂരിഭാഗം പേരും പ്രധാന പ്രശ്‌നമായി കാണുന്നത്. ജലസംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്താത്തതും മഴവെള്ളം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു. കുടിവെള്ള കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നത് ശക്തമായ നിയമങ്ങളാല്‍ തടയണമെന്നും സര്‍വേ റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it