വീട്ടമ്മയേയും മൂന്ന് പെണ്‍മക്കള്‍ക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി

കൊണ്ടോട്ടി: വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താനായില്ല. കരിപ്പൂര്‍ പുളിയംപറമ്പിലെ വീട്ടമ്മയെയും മൂന്ന് പെണ്‍കുട്ടികളെയുമാണ് കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ കാണാതായത്. വീട്ടമ്മയുടെ മൂത്ത മകന്‍ നല്‍കിയ പരാതിയില്‍ കരിപ്പൂര്‍ പോലിസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ 30നാണ് പുളിയംപറമ്പില്‍ താമസിക്കുന്ന 37കാരിയെയും 18, ആറ്, നാല് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. മൂത്ത മകന്‍ മരണവീട്ടിലേക്ക് പോയ സമയത്താണ് ഇവര്‍ രാവിലെ വീടുവിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബീമാപ്പള്ളി, ഏര്‍വാടി തുടങ്ങിയ മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോലിസ് നേരിട്ട് എത്തി അന്വേഷണം നടത്തിയതായി കരിപ്പൂര്‍ എസ്‌ഐ പറഞ്ഞു. ഈ ഭാഗങ്ങളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധനയ്ക്ക് വിധേയമാക്കി.
കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ എമിഗ്രേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിദേശത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തി. കൊണ്ടോട്ടി ടൗണ്‍, വിമാനത്താവളം, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിച്ചു. വീട്ടമ്മയ്ക്കും കുടുംബത്തിനും അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കുടുംബം പറയുന്ന മേലങ്ങാടിയിലെ സിദ്ധനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇയാളെ ഒന്നിലധികം തവണ പോലിസ് ചോദ്യംചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഇയാളുടെ ഫോണ്‍ നിരീക്ഷണത്തിലാണ്. നേരത്തെയുള്ള ഫോണ്‍കോളുകളും പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it