Kottayam Local

വീടു കുത്തിത്തുറന്ന് 22 പവന്‍ മോഷണം: അന്വേഷണം ഊര്‍ജിതമാക്കി

ചങ്ങനാശ്ശേരി: മതുമൂലയ്ക്കടുത്തു വീടുകുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണവും 75,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. മതുമൂല മോര്‍ക്കുളങ്ങര പഴയപുരക്കല്‍ സാമുവല്‍ ജോര്‍ജി(ബാബു)ന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ 10ഓടെയായിരുന്നു മോഷണം. ജോര്‍ജും ഭാര്യ നീനയും വീടിനു പുറത്തു പോയിരുന്ന സമയത്തായിരുന്നു മോഷണമെന്നു കരുതുന്നു. ചങ്ങനാശ്ശേരി ലയണ്‍സ് ക്ലബ്ബ് പിആര്‍ഒ ആയ സാമുവല്‍ ജോര്‍ജ് തിങ്കളാഴ്ച രാവിലെ 10ന് ഭാര്യയുമായി ഓട്ടോയില്‍ ചെത്തിപ്പുഴയില്‍ പോവുകയും വീടു പൂട്ടിയശേഷം ഗേറ്റും അടച്ചിരുന്നു. ഉച്ചയ്ക്ക് മടങ്ങിയെത്തുമ്പോള്‍ ഗേറ്റ് തുറന്ന നിലയിലും തുടര്‍ന്നു സിറ്റൗട്ടില്‍ കയറി താക്കോല്‍ ഉപയോഗിച്ച് പ്രധാന വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തുറക്കാനായില്ല. തുടര്‍ന്നു നീന ഭര്‍ത്താവിനെ ഫോണിലൂടെ വിളിച്ചുവരുത്തി ശ്രമിച്ചിട്ടും വാതില്‍ തുറക്കാതെ വരികയും  സുഹൃത്തു രാജുവിനെ വിളിച്ചു വരുത്തിയും വീട് തുറക്കാന്‍ ശ്രമിച്ചു.വീടു തുറക്കാതെ വന്നപ്പോള്‍ അടുക്കളഭാഗത്ത് ചെന്നപ്പോഴാണ് അടുക്കള വാതില്‍ പൊളിച്ച നിലയില്‍ കാണപ്പെട്ടത്. ഒപ്പം വീടിനോടു ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച പിക്കാസും തേങ്ങാ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരയും മറ്റും അടുക്കള വാതിലിനടുത്ത് കാണപ്പെട്ടു. തുടര്‍ന്നു വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമറിയിലെ അലമാരയില്‍ സൂക്ഷിച്ച 22 പവന്‍ സ്വര്‍ണവും താഴത്തെ നിലയിലെ തടിമേശയില്‍ സൂക്ഷിച്ച 75,000 രൂപയും മോഷണം പോയതായി ശ്രദ്ധയില്‍പ്പെടുന്നത്. അലമാരയില്‍ സൂക്ഷിച്ച മറ്റു സാധനങ്ങളും വാരിവലിച്ച് നിലത്തിട്ട നിലയിലും കാണപ്പെട്ടു. സംഭവമറിഞ്ഞ് കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യൂ, ചങ്ങനാശ്ശേരി സിഐ കെ പി വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കോട്ടയത്തു നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്നലെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. വീടിനെകുറിച്ച് വ്യക്തമായ അറിവുള്ളവരാണു മോഷണം നടത്തിയെതെന്നാണു പോലിസിന്റെ നിഗമനം. ഏതാനും മാസം മുമ്പ് കുറുമ്പനാടത്തെ ഒരു വീട്ടിലും സമാനമായ രീതിയില്‍ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തു മോഷണം നടന്നിരുന്നു. ഈ സംഭവത്തിലും പ്രതികളെ പോലിസ് പിടിക്കാനായിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികളെയും സ്ഥിരം മോഷ്ടാക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തകാലത്തായി ചങ്ങനാശ്ശേരിയിലും പരിസരത്തും മോഷണം വ്യാപകമായി നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it