Pathanamthitta local

വിഷമല്‍സ്യം: ഭക്ഷ്യസുരക്ഷാ നടപടികള്‍ ശക്തമാക്കണം- എസ്ഡിപിഐ

തിരുവല്ല: കേരളത്തില്‍ വില്‍പനക്കെത്തിച്ച മല്‍സ്യങ്ങളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള മാരകമായ വിഷം കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി താജുദീന്‍ നിരണം അവശ്യപ്പെട്ടു. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് വിഷം കലര്‍ത്തിയ മല്‍സ്യക്കടത്ത് വ്യാപകമായത്. ഇക്കാര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് എടുത്ത ജാഗ്രത സ്വാഗതാര്‍ഹമാണെങ്കിലും അത് വെറും പബ്ലിസിറ്റി മാത്രമാവാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
മായം ചേര്‍ക്കുന്നവരും വിഷം കലര്‍ത്തുന്നവരും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയാണ് പതിവ്. രാസവസ്തുക്കള്‍ അടിച്ചതും വിഷമയവുമായ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് കേരളത്തിലേക്കെത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാത്തതല്ല. എന്നാല്‍, അവര്‍ കണ്ണടക്കുകയാണ്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യന്ന മട്ട അരിയില്‍ റെഡ് ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള  മാരക വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടും നടപടികളെടുക്കാത്ത അധികാരികള്‍ കുത്തകകള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍വച്ച് കളിക്കുകയാണ്.
ഈമാസം മൂന്ന്  പ്രധാന കുപ്പിവെള്ള കമ്പനികളില്‍ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച സാമ്പിളുകളില്‍ മനുഷ്യവിസര്‍ജ്യ സാന്നിധ്യമായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലേക്കെത്തുന്നതും തദ്ദേശീയവുമായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും ശുദ്ധവും വിഷരഹിതവുമാണെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തി നിയമം ലംഘിക്കുന്നവരെ ശക്തമായി നേരിടണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it