വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം/മലപ്പുറം: ഒരു മതവിശ്വാസികളുമായി ഏറ്റമുട്ടലിനില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വിശ്വാസിക്കും അവരുടെ വിശ്വാസമനുസരിച്ചു ജീവിക്കാന്‍ സഹായിക്കുന്ന ഉറച്ച നിലപാടുള്ളവരാണ് സര്‍ക്കാര്‍. എന്നാല്‍, ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാന്‍ പാടുള്ളൂ നിന്റെയൊന്നും വിശ്വാസം ഇവിടെ പാടില്ലെന്നു പറഞ്ഞ് ആക്രമിച്ചവരെ നേരിടാനും അറച്ചുനിന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതി വിധി സാധാരണ നിലക്ക് രാജ്യത്ത് എല്ലാവര്‍ക്കും ബാധകമായ ഒന്നാണ്. സര്‍ക്കാരിനും അങ്ങനെയാണ്. സര്‍ക്കാരിനെ തെറി പറഞ്ഞതുകൊണ്ടോ കുറ്റംപറഞ്ഞതുകൊണ്ടോ മറ്റൊരു നിലപാട് എടുക്കാനാവില്ല. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ മുന്നോട്ടു പോവാനാവൂ. സ്ത്രീകളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളുന്ന മഹിളാ നേതാക്കളെ പുലഭ്യം പറഞ്ഞ് ആക്ഷേപിച്ചു സംസ്‌കാരഹീനരായ ഒരു സംഘം നടത്തുന്ന പ്രവര്‍ത്തനത്തിനൊപ്പം കോണ്‍ഗ്രസ് നിലകൊള്ളുന്നത് ശരിയല്ല. എസ്എന്‍ഡിപി, കെപിഎംഎസ്, ആദിവാസി ഗോത്രമഹാ സഭ തുടങ്ങിയ സംഘടനകള്‍ യാഥാര്‍ഥ്യത്തോടൊപ്പമാണ് നില്‍ക്കുന്ന തെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിധിയുടെ പേരില്‍ ഭക്തരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മലപ്പുറം പ്രസ് ക്ലബ്ബില്‍ അതിഥി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭക്തരെ തെരുവിലിറക്കി നേട്ടം കൊയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ പിന്തുണയും അവര്‍ക്കുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാരെയും ഇടതുപക്ഷ വിരുദ്ധരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും വിമോചനസമരത്തിന്റെ പുതുരൂപം സൃഷ്ടിക്കാനും സംസ്ഥാനത്ത് ശ്രമം നടക്കുന്നു. ശബരിമല വിധിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിശ്വാസികളെ റോഡിലിറക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തിയാല്‍ പോലും നിലനില്‍ക്കില്ല. മുസ്‌ലിംലീഗിന് സ്ഥിരമായ രാഷ്ട്രീയ നിലപാടുകളില്ല. വര്‍ഗീയത പറഞ്ഞാല്‍ നേട്ടമുണ്ടാവുമെങ്കില്‍ അങ്ങനെ ചെയ്യും. തീവ്രവാദികളെ കൂടെ കൂട്ടും. മതേതരത്വം പറഞ്ഞാല്‍ വോട്ട് കിട്ടുമെങ്കില്‍ അതിനു തയ്യാറാവും. അവര്‍ക്ക് പരമപ്രധാനം അധികാരമാണ്. അതിനുവേണ്ടി എങ്ങനെ മലക്കം മറിയാനും അവര്‍ക്കു മടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it