Alappuzha

വിശ്വാസികളുടെ ബദ്ര്‍

വിശ്വാസികളുടെ ബദ്ര്‍
X


ഹാജി നദീര്‍ ഹംസ
പവിത്രമായ 12 മാസങ്ങളില്‍ ഏറ്റവും പുണ്യം നിറഞ്ഞതും വളരെ ശ്രേഷ്ഠമായതുമായ മാസമാണ് റമദാന്‍. റമദാന്റെ ചന്ദ്രക്കല ദൃശ്യമായതോടെ മുസ്‌ലിം സമൂഹം ഒന്നടങ്കം പുണ്യമാസത്തെ ആദരപൂര്‍വം സ്വാഗതമരുളി. വ്രതാനുഷ്ഠാനത്തിനു തുടക്കം കുറിച്ചു. ഓരോ മുസ്‌ലിം ഭവനങ്ങളും പള്ളികളും ഭക്തിയുടെ നിറവില്‍ പ്രാര്‍ഥനാനിരതമായി. “ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തില്‍ നോമ്പ് അനുഷ്ഠിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യുക’ എന്ന പ്രവാചക വചനം നമ്മുടെ എല്ലാ ഇബാദത്തുകളും കൃത്യനിഷ്ഠയോടും വളരെയേറെ സൂക്ഷ്മതയോടും തഖ്‌വയോടും കൂടിയായിരിക്കണമെന്ന മഹത്തായ സന്ദേശമാണ്.
പുണ്യമാസത്തിന്റെ ആഗമനം കൊണ്ട് ആകാശഭൂമികള്‍ പുളകമണിയുന്നു. സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുന്നു. നരകത്തിന്റെ വാതിലുകള്‍ അടയുന്നു. ആകാശത്തു നിന്ന് അല്ലാഹുവിന്റെ അനുഗ്രഹ തേന്‍മഴ ഭൂമിയിലേക്കു വര്‍ഷിക്കു—ന്നു. നോമ്പ് കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് തന്റെ അടിമകളെ മനപ്പൂര്‍വം കഷ്ടപ്പെടുത്താനോ പട്ടിണിക്കിട്ടു പരീക്ഷിക്കാനോ അല്ല, നേരെമറിച്ച് മനുഷ്യന്‍ ഭയഭക്തിയുള്ളവരും ക്ഷമയും സഹനവും കൈക്കൊള്ളുന്നവരും അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നവരുമാവണം എന്നതാണ്.
ആയിരം മാസങ്ങളേക്കാള്‍ മഹത്ത്വമേറിയ “ലൈലത്തുല്‍ ഖദ്ര്‍’ എന്ന ഒറ്റ രാത്രിയെക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യസുദിനത്തെക്കൊണ്ടും അല്ലാഹു ഈ മാസത്തെ ധന്യമാക്കി. ഇസ്‌ലാമിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും നിദാനമായ, നിര്‍ണായകമായ ബദ്ര്‍ യുദ്ധവും തുടര്‍ന്നുണ്ടായ വിജയവും അല്ലാഹു സമ്മാനിച്ചത് റമദാന്‍ 17ലെ വെള്ളിയാഴ്ചയായിരുന്നു. നബിയും സഹാബിമാരും ബദ്‌റില്‍ പരാജയമടഞ്ഞിരുന്നെങ്കില്‍ അല്ലാഹുവിന്റെ മുമ്പില്‍ മാത്രം സുജൂദുകള്‍ അര്‍പ്പിക്കുന്ന ഒരു സമുദായം ഇന്നു ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല.
ബദ്ര്‍ സംഭവചരിത്രത്തെക്കുറിച്ച് പഠിക്കുകയും അനുസ്മരിക്കുകയും പുണ്യദിനത്തെ ഹൃദയത്തിലേറ്റി ആദരിക്കുകയും വേണം. ബദ്ര്‍ രണാങ്കണത്തില്‍ രക്തസാക്ഷിത്വം വഹിച്ച മഹാത്മാക്കളായ ധീരസഹാബികളുടെ മദ്ഹുകള്‍ ലോകമെമ്പാടും പാടിപ്പുകഴ്ത്തുന്നു. അന്നദാനങ്ങള്‍ നടത്തുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പനുഷ്ഠിച്ച്, വിശപ്പും ദാഹവും സഹിച്ച്, അവയുടെ കാഠിന്യം രുചിച്ചറിഞ്ഞ് പാവപ്പെട്ടവന്റെ ഇല്ലായ്മ കണ്ടറിയാനും കരയുന്നവന്റെ കണ്ണീര്‍ തുടയ്ക്കാനും അനാഥകളോട് കനിയാനുമുള്ള പരിശീലനമാണ് നോമ്പിലൂടെ കരസ്ഥമാക്കേണ്ടത്.
വിഭവസമൃദ്ധമായ ആഹാരപാനീയങ്ങള്‍ കഴിച്ചു നോമ്പനുഷ്ഠിക്കുകയും നോമ്പ് തുറക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും ദരിദ്ര—രായ നോമ്പുകാരെക്കുറിച്ചു ചിന്തിക്കേണ്ട—താണ്. നമസ്‌കാരങ്ങള്‍ വര്‍ധിപ്പിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്ര്‍-തസ്ബീഹ് മന്ത്രങ്ങള്‍ ഉരുവിട്ടു തിരുനബിയുടെ മേല്‍ സലാമും സ്വലാത്തും സമര്‍പ്പിച്ചും സകാത്ത്-ദാനധര്‍മങ്ങളിലൂടെ പുണ്യം നേടാനും നമുക്കു കഴിയട്ടെ. അതുവഴി ആത്മസായൂജ്യമടയുക, പാപമോചിതരാവുക. സത്യവിശ്വാസികളും സന്മാര്‍ഗദര്‍ശികളുമായ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും കൗമാരപ്രായക്കാരായ നമ്മുടെ അരുമസന്താനങ്ങള്‍ക്കും അല്ലാഹു സൗഭാഗ്യങ്ങള്‍ നല്‍കുമാറാകട്ടെ.
Next Story

RELATED STORIES

Share it