വിവാദ ഭൂമി വില്‍പന സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല; വിഷയം ചര്‍ച്ച ചെയ്യും

കൊച്ചി: സിറോ മലബാര്‍ സഭ സിനഡ് സമ്മേളനത്തിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി. അതേ സമയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി വില്‍പന സിനഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന വൈദിക സമിതിയുടെ ആവശ്യം നിരാകരിച്ചതായാണ് വിവരം. ഭൂമിയിടപാട്  എറണാകുളം-അങ്കമാലി അതിരൂപതയെ മാത്രം ബാധിക്കുന്ന വിഷയം ആയതിനാല്‍ സിനഡില്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിനെ തുടര്‍ന്നാണ്  അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.  എന്നാല്‍, ഭൂമി വില്‍പന വിഷയം സിനഡ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ മാസം 11ന് സീറോ അവറില്‍ ചര്‍ച്ച ചെയ്യാനാണ് ധാരണയിലെത്തിയിരിക്കുന്നത്. ഭൂമി വില്‍പന വിഷയത്തില്‍ സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദപ്രകടനം നടത്തിയതായി വിവരമുണ്ട്. നടപടി ക്രമങ്ങളില്‍ സാങ്കേതികപരമായ പിഴവുണ്ടായതായി മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതായാണ് അറിയുന്നത്. നേരത്തെ ഭൂമി വില്‍പന വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്തിരുന്ന വൈദിക സമിതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്താതിരുന്നതിനെ തുടര്‍ന്ന് ചേരാന്‍ കഴിഞ്ഞിരുന്നില്ല.  മൂന്നു അല്‍മായര്‍ തടഞ്ഞുവച്ചതിനാലാണ്  ആലഞ്ചേരിക്ക് യോഗത്തിനെത്താന്‍ കഴിയാഞ്ഞത്.  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ആറു ദിവസത്തെ സിനഡില്‍ സഭയിലെ 59 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണു സിനഡിനു തുടക്കമായത്.
Next Story

RELATED STORIES

Share it