വിവാദ പ്രതികരണവുമായി കണ്ണന്താനം

തിരുവനന്തപുരം: ആധാര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നെന്ന വാദപ്രതിവാദങ്ങള്‍ ശക്തമാവുന്ന സാഹചര്യത്തില്‍ വിവാദ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നമ്മുടെ സ്വന്തം സര്‍ക്കാരിനു വിവരങ്ങള്‍ കൈമാറാന്‍ മടിക്കുന്നവര്‍,അമേരിക്കന്‍ വിസയ്ക്കായി വെള്ളക്കാരുടെ മുന്നില്‍ നഗ്‌നരായി പരിശോധനയ്ക്കു നില്‍ക്കാന്‍ മടിയില്ലാത്തവരാണെന്നു കണ്ണന്താനം പറഞ്ഞു. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ്ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ വിസയ്ക്കായി താന്‍ 10 പേജുള്ള അപേക്ഷയാണ് പൂരിപ്പിച്ച് നല്‍കിയത്. ഇതിന് വേണ്ടി വിരലടയാളം നല്‍കാനോ, വെള്ളക്കാരുടെ മുന്നില്‍ നഗ്‌നരായി നില്‍ക്കാനോ നമുക്കു യാതൊരു മടിയുമില്ല. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ വിവരങ്ങള്‍ ചോദിച്ചാല്‍ അത് വലിയ പ്രശ്‌നമാവും. വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്തിയെന്ന പരാതിയും ജനകീയ പ്രക്ഷോഭങ്ങളും നടക്കുമെന്നും കണ്ണന്താനം പറഞ്ഞു.
കാംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ഡാറ്റ ചോര്‍ത്തല്‍ വിവാദവും നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പിന്റെ പേരിലെ ഡാറ്റ ചോര്‍ത്തല്‍ വിവാദവും നിലനില്‍ക്കുമ്പോഴാണു പ്രതികരണവുമായി കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it