Flash News

വിവാദ പാഠപുസ്തക കേസ്: എം എം അക്ബറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി

വിവാദ പാഠപുസ്തക കേസ്: എം എം അക്ബറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി
X
കൊച്ചി: വിവാദ പാഠപുസ്തക കേസില്‍ അറസ്റ്റിലായ മതപ്രഭാഷകനും കൊച്ചിയിലെ പീസ് ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറുമായ എം എം അക്ബറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറഞ്ഞേക്കും. പോലിസ് കസ്റ്റഡിക്ക് ശേഷം ഈ മാസം മൂന്നിന് അക്ബറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇതില്‍ വാദംകേട്ട കോടതി ഉത്തരവ് പറയുന്നതിനായി കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.



നിലവില്‍ അക്്ബറിനെ ഈ മാസം 12 വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ ഒന്നും തന്നെ മറ്റൊരു വിഭാഗത്തിനും വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ളതല്ലെന്ന് അക്ബറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. പാഠഭാഗങ്ങള്‍ ഖുര്‍ആനിലുള്ള വചനങ്ങളുടെ ആവര്‍ത്തനമാണ്. ഖുര്‍ ആനിലെ വചനങ്ങള്‍ ഒന്നുംതന്നെ ദുര്‍വ്യാഖാനം ചെയ്തു സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മാത്രം വ്യാഖ്യാനിച്ചാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പുസ്തകത്തിന്റെ ഉള്ളടക്കം മുഴുവനായി പരിശോധിച്ചു നോക്കാതെയാണു കേസ് എടുത്തത്. സ്‌കൂളിലെ സിലബസ് തീരുമാനിക്കുന്നതിനു സിലബസ് കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയാണ് സ്‌കൂളിന്റെ സിലബസ് തീരുമാനിച്ചത്. അക്ബറിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ കേസില്‍ ആരോപിക്കുന്ന ബുക്കുകള്‍ ഇന്ത്യയിലെ 400ലധികം സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതാണ്. പീസ് ഫൗണ്ടേഷന്‍ എന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എറണാകുളത്തെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ പീസ് ഫൗണ്ടേഷന്‍ ഇടപെടാറില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സ്‌കൂളിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അക്ബറിന്റെ വിദേശയാത്രകള്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it