kannur local

വിവാദങ്ങള്‍ക്കൊടുവില്‍ ഡിസിസി ഓഫിസ് നിര്‍മാണം പുനരാരംഭിച്ചു

കണ്ണൂര്‍: നിര്‍മാണം പാതിവഴിയില്‍ നിലച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10.40 ഓടെ നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് കാല്‍നാട്ടി തുടക്കം കുറിച്ചു.
ആദ്യഘട്ടത്തില്‍ 8000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ രണ്ടുനിലകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഓഡിറ്റോറിയവും, മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്രസ് റൂം, ലൈബ്രറി, ഡിസിസി ഓഫിസ് സംവിധാനം, കെപിസിസി ഭാരവാഹികളുടെ റൂമുകള്‍ എന്നിവ രണ്ട് നിലകളിലായി ക്രമീകരിക്കും. റിട്ട. എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ, സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ജില്ലാകമ്മിറ്റി നേരിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 4 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഓഫിസില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുന്നുണ്ട്.
നേതാക്കളായ സുമാ ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, പ്രഫ. എ ഡി മുസ്തഫ, എം നാരായണന്‍കുട്ടി, എം പി ഉണ്ണികൃഷ്ണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എം പി മുരളി, എ പി അബ്ദുല്ലക്കുട്ടി, എന്‍ പി ശ്രീധരന്‍, വി രാധാകൃഷ്ണന്‍, പി ടി മാത്യു, കെ പ്രമോദ്, ഡിസിസി ഭാരവാഹികള്‍ സംബന്ധിച്ചു. ഡിസിസി ഓഫിസ് നിര്‍മാണത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വിദേശത്തു നിന്നും മറ്റുമായി ലക്ഷങ്ങള്‍ പിരിച്ചിരുന്നുവെന്നും എന്നാല്‍ ക്രമക്കേട് നടന്നതിനാലാണ് നിര്‍മാണം പൂര്‍ത്തിയാവാത്തതെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഡിസിസി യോഗത്തില്‍ ഉന്നയിച്ചപ്പോള്‍ സുധാകരന്‍ അനുയായികള്‍ തടയുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തെന്നും ആരോപിച്ചിരുന്നു. ഇതോടെ സംഭവം വിവാദമായതോടെയാണ് പൂതിയ മേല്‍നോട്ട സമിതിയെ നിയമിച്ച് നിര്‍മാണം വീണ്ടും ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it