malappuram local

വിവാദങ്ങളില്‍ കുരുക്കി ഫാറൂഖ് കോളജിനെ കരിതേക്കാന്‍ നീക്കം

കോഴിക്കോട്: വിവാദങ്ങളില്‍ കുരുക്കി ഫാറൂഖ് കോളജിനെ കരിവാരിത്തേക്കാന്‍ നീക്കം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ നടത്തിയ ആഭാസകരമായ ആഘോഷത്തിനേര്‍പ്പെടുത്തിയ നിയന്ത്രണത്തെ ഹോളി ആഘോഷത്തിനെതിരായ നീക്കമായാരോപിച്ചും ട്രെയിനിങ് കോളജ് അധ്യാപകന്റെ മത പ്രഭാഷണം വളച്ചൊടിച്ച് സ്ത്രീവിരുദ്ധമായി ചിത്രീകരിച്ചുമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കോളജില്‍ ലിംഗവിവേചനമുണ്ടെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഒരു വിഭാഗം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഏറെ മാധ്യമ ശ്രദ്ധ നേടാനായെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായതോടെ സമരം പൊളിഞ്ഞു.
അന്ന് ഫാറൂഖ് കോളജിനെതിരേ നടത്തിയ നീക്കങ്ങള്‍ തകര്‍ന്നതില്‍ വിറളി പൂണ്ടവരാണ് പുതിയ വിവാദങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. കോളജിനെതിരായ നീക്കങ്ങളില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയുമായിരുന്നു അന്നും ഇന്നും സംഘപരിവാരത്തേക്കാള്‍ മുന്നില്‍ നിന്നതെന്നത് ഇതിലൊളിഞ്ഞിരിക്കുന്ന രാഷ്ട്രീയ അജണ്ടയാണ് സൂചിപ്പിക്കുന്നത്. ഹോളി ആഘോഷത്തിന് മുസ്‌ലിം മാനേജ്‌മെന്റ് വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഇത്തവണ പ്രശ്‌നങ്ങളുടെ തുടക്കം. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാംപസില്‍ നടത്തിയ ആഘോഷമാണ് ഹോളി ആഘോഷമായി ചിത്രീകരിച്ചത്. ശരീരമാസകലം ചായം പൂശി വാഹനങ്ങളുമായി കാംപസിലെത്തിയ കുട്ടികള്‍ ജീവനക്കാരനെ കാറിടിച്ച് അപായപ്പെടുത്താന്‍ പോലും ശ്രമിച്ചു. ജീവനക്കാരന് പരിക്കേറ്റതോടെ ഭയന്ന കുട്ടികള്‍ ശ്രദ്ധ തിരിച്ചുവിടാന്‍ സംഭവത്തിന് വര്‍ഗീയ നിറം നല്‍കി ഹോളി ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചാരണം നടത്തുകയായിരുന്നു. ഫാറൂഖ് കോളജിനെ അടിക്കാന്‍ നല്ലൊരു വടി കിട്ടിയ ആഹ്ലാദത്തില്‍ ഇടത് വിദ്യാര്‍ഥി സംഘടന രംഗത്തെത്തിയതോടെ രംഗംകൊഴുത്തു. കാംപസുകളില്‍ വാഹനം പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന ശക്തമായ നിയമം നിലനില്‍ക്കെയാണ് വിദ്യാര്‍ഥികള്‍ കാംപസിലേക്ക് കാര്‍ കയറ്റിയത്. ഒടുവില്‍ വിദ്യാര്‍ഥികളുടെ വീഴ്ച ബോധ്യപ്പെടുന്നേടത്തേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ട്രെയിനിങ് കോളജ് അധ്യാപകന്‍ മതപ്രഭാഷണ വേദിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ച് സ്ത്രീ വിരുദ്ധമാണെന്നാരോപിച്ച് അതുപയോഗിച്ച് കോളജിനെതിരേ നീങ്ങുകയായിരുന്നു ചിലര്‍. അധ്യാപകന്‍ പറയാത്ത കാര്യം പറഞ്ഞെന്നാരോപിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത വാര്‍ത്തയായിരുന്നു ഇത്തവണ താരം. ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മാറിടം കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍ എന്ന അധ്യാപകന്‍ പറഞ്ഞെന്നായിരുന്നു വാര്‍ത്തയിലുണ്ടായിരുന്നത്. പ്രസംഗത്തിന്റെ പൂര്‍ണ രൂപമുള്‍ക്കൊള്ളുന്ന വീഡിയോ പുറത്തുവന്നതോടെ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍, കോളജിനെതിരായ നീക്കത്തില്‍നിന്ന് പിറകോട്ട് പോവാന്‍ ഇതൊന്നും ബന്ധപ്പെട്ടവര്‍ക്ക് മതിയായില്ല. മാത്രമല്ല, സോഷ്യല്‍ മീഡയയിലുടെയും മാധ്യമങ്ങളിലൂടെയും സ്ഥാപനത്തെ പരമാവധി ഇകഴ്ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുമുണ്ട്.
അധ്യാപകനെ എന്നതിനപ്പുറം കോളജിനെ ഉന്നംവയ്ക്കുന്ന പ്രചാരണങ്ങളാണ് ഏറെയും. ഇതാണ് കോളജിനെ തകര്‍ക്കാനുള്ള ചില തല്‍പര കക്ഷികളുടെ ശ്രമമമാണ് ഇതിനു പിന്നലെന്ന സംശയം ബലപ്പെടുത്തുന്നത്. കെ ഇ എന്‍ കുഞ്ഞമ്മദ്, എന്‍ പി ഹാഫിസ് മുഹമ്മദ് തുടങ്ങി വ്യത്യസ്തആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന നിരവധി അധ്യാപകര്‍ സേവനമനുഷ്ടിച്ച കോളജില്‍ അവര്‍ ഉന്നയിക്കുന്ന ആശയങ്ങള്‍ക്കോ പ്രഭാഷണങ്ങള്‍ക്കോ എതിരായി ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല. ട്രെയിനിങ് കോളജ് അധ്യാപകനായ ജൗഹര്‍ മുനവ്വര്‍ മാസങ്ങള്‍ക്കു മുമ്പ് മുസ്്‌ലിം കുടുംബ വേദിയില്‍ നടത്തിയ മതപ്രഭാഷണമാണ് ഹോളി ആഘോഷ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. യൂടൂബില്‍ നേരത്തെ അപ്്‌ലോഡ് ചെയ്യപ്പെട്ട പ്രഭാഷണത്തില്‍ ഉപയോഗിച്ച ഉപമ ചിലര്‍ അശ്ലീലമായി വ്യാഖ്യാനിക്കുകയായിരുന്നു.
ഫാറൂഖ് കോളജില്‍ നിരീശ്വരവാദികളും ലിബറല്‍ ചിന്താഗതിക്കാരും നല്ല മത ഭക്തരുമുള്‍പ്പെടെ വിവിധ തരം ആളുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരുടെ പ്രഭാഷണങ്ങളോ പ്രയോഗങ്ങളോ വിവാദമാക്കാത്തവര്‍ തനിക്കെതിരേ രംഗത്തുവന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണെന്ന് ജൗഹര്‍ മുനവ്വര്‍ തേജസിനോട് പറഞ്ഞു. തന്നെ വ്യക്തി ഹത്യ നടത്തുന്ന രീതിയില്‍ പുതിയ വാര്‍ത്തകളാണ് ചില കേന്ദ്രങ്ങള്‍ പടച്ചുവിടുന്നത്. മാന്യമായ വസ്ത്ര ധാരണം നടത്തുന്നതിനു വേണ്ടിയും മറ്റും നടത്തുന്ന ശ്രമങ്ങളെ വ്യാജ ആരോപണങ്ങളുന്നയിച്ചു തകര്‍ക്കാനുള്ള നീക്കങ്ങളെ ആശയ ഭിന്നത മറന്ന് മുസ്്‌ലിം സംഘടനകളും ധാര്‍മിക ബോധമുള്ള മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it