വിവരാവകാശ നിയമം: എട്ടു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നോട്ടീസ്‌

ന്യൂഡല്‍ഹി: വിവരാവകാശ നിയമ പ്രകാരമുള്ള ഉദ്യോഗസ്ഥ നിയമനം വൈകിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനും കേരളമടക്കമുള്ള എട്ടു സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി വിമര്‍ശനം. കേന്ദ്ര വിവരാവകാശ കമ്മീഷനിലും (സിഐസി), സംസ്ഥാന വിവരാവകാശ കമ്മീഷനിലും (എസ്‌ഐസി) ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താതിരിക്കുന്ന സര്‍ക്കാരുകളുടെ നടപടികളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തസ്തികകള്‍ നികത്താന്‍ ആവശ്യപ്പെട്ടു കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഇതൊരു പ്രതിഭാസമായിക്കഴിഞ്ഞിരിക്കുന്നു. ഇതു പോലെ ആണെങ്കില്‍ എങ്ങനെ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും? ഇത്തരത്തില്‍ ഒരിക്കലും മുന്നോട്ടുപോവാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, മാഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കു കൂടിയാണു നോട്ടീസയച്ചത്.
വിവരാവകാശ പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജും ലോകേഷ് ബത്രയും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ആയിരക്കണക്കിനു തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതു കാരണം വിവാരവകാശ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നു കോടതി നിരീക്ഷിച്ചു. ഇതു നികത്താനാവശ്യമായ നടപടികള്‍ വേഗം സ്വീകരിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര വിവരാവകാശ കമ്മീഷന് മുമ്പായി മാത്രം 40,000 അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ 11 അംഗങ്ങളാണ് വേണ്ടത്. എന്നാന്‍ നിലവില്‍ മൂന്നു കമ്മീഷണര്‍മാര്‍ മാത്രമാണുള്ളതെന്നും അവര്‍ അറിയിച്ചു.  കേരളത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഒരംഗം മാത്രമാണുള്ളതെന്നും ഇവിടെ 14,000 അപേക്ഷകള്‍  കെട്ടിക്കിടക്കുകയാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it