വിവരാവകാശത്തിനും ജിഎസ്ടി ഏര്‍പ്പെടുത്തി റവന്യൂ വകുപ്പ്

കെ വി ഷാജി സമത

കോഴിക്കോട്: വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ട പകര്‍പ്പുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തി റവന്യൂ വകുപ്പ്. മലപ്പുറം ജില്ലയിലെ കാലടി വില്ലേജ് ഓഫിസറാണ് വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങള്‍ക്കു വിരുദ്ധമായി രേഖാ പകര്‍പ്പുകള്‍ക്ക് ജിഎസ്ടി നിശ്ചയിച്ചത്. രേഖകള്‍ക്ക് സംസ്ഥാന ജിഎസ്ടിയും കേന്ദ്ര ജിഎസ്ടിയും പ്രത്യേകം പ്രത്യേകം ട്രഷറി അക്കൗണ്ടുകളില്‍ അടവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാലടിയിലെ കടുങ്ങാംകുന്നത്ത് കാട്ടില്‍ കെ കെ മൊയ്തുണ്ണിയോടാണ് രേഖാ പകര്‍പ്പുകള്‍ക്ക് ജിഎസ്ടി അടവാക്കാന്‍ വില്ലേജ് ഓഫിസര്‍ നിര്‍ദേശിച്ചത്.
തര്‍ക്കം നിലനില്‍ക്കുന്ന ഒരു ഭൂമിയുടെ അടങ്കല്‍ പകര്‍പ്പും സ്‌കെച്ചുമാണ് മൊയ്തുണ്ണി ആവശ്യപ്പെട്ടിരുന്നത്. ഈ രേഖകള്‍ പകര്‍പ്പ് ഫീസിനു പുറമേ നികുതിയും ഈടാക്കി അനുവദിക്കുന്ന രേഖയാണെന്നു വില്ലേജ് ഓഫിസറുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു അടങ്കല്‍ പകര്‍പ്പിന്് സര്‍ക്കാര്‍ നിശ്ചയിച്ച 225 രൂപയും സ്റ്റേറ്റ് ജിഎസ്ടി 21 രൂപയും കേന്ദ്ര ജിഎസ്ടി 21 രൂപയും ഭൂമിയുടെ സ്‌കെച്ച് ഒന്നിന് 450 രൂപ പകര്‍പ്പ്് ഫീസും സംസ്ഥാന ജിഎസ്ടി 41 രൂപയും കേന്ദ്ര ജിഎസ്്ടി 41 രൂപയും അടവാക്കണമെന്നാണു നിര്‍ദേശം. പകര്‍പ്പ് ഫീസും കേന്ദ്ര-സംസ്ഥാന നികുതികളും പ്രത്യേകം പ്രത്യേകം ട്രഷറി അക്കൗണ്ടുകളില്‍ ഒടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാലടി വില്ലേജ് ഓഫിസറുടെ നടപടി വിവരാവകാശ നിയമത്തിനു വിരുദ്ധമാണെന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുന്ന രേഖകള്‍ക്ക് നികുതി ഈടാക്കാന്‍ ഒരുവിധ നിര്‍ദേശവുമില്ലെന്നും വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി തേജസിനോടു പറഞ്ഞു.
രേഖാ പകര്‍പ്പുകള്‍ക്ക് നികുതി ഈടാക്കാന്‍ തീരുമാനിച്ചു എന്നതു മാത്രമല്ല വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള വീഴ്ച.
വിവരാവകാശ നിയമമനുസരിച്ച് അപേക്ഷിക്കുമ്പോള്‍, ശരിപ്പകര്‍പ്പുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പകര്‍പ്പ് ഫീസ് ഈടാക്കരുതെന്നും വിവരാവകാശ ചട്ടങ്ങളില്‍ പറയുന്ന നിരക്കു മാത്രമേ ഈടാക്കാവൂ എന്നും കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷനുകള്‍ നിരവധി വിധിന്യായത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ നിര്‍ദേശങ്ങള്‍ മറികടന്നാണ് കാലടി വില്ലേജ് ഓഫിസര്‍ അടങ്കല്‍ പകര്‍പ്പിന് സര്‍ക്കാര്‍ നിരക്കായ 225 രൂപയും നികുതിയും സ്‌കെച്ചിന്് 450 രൂപയും നികുതിയും ഈടാക്കാന്‍ നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it