World

വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ചൈനയോട് ഇന്റര്‍പോള്‍

ബെയ്ജിങ്/പാരിസ്: മെങ് ഹോങ്‌വെ തിരോധാനം സംബന്ധിച്ചു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ചൈനയോട് ഇന്റര്‍പോള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവി മെങ് ഹോങ്‌വെയെ സ്വദേശമായ ചൈനയിലെത്തിയപ്പോഴാണു കാണാതായത്. കഴിഞ്ഞദിവസമാണു തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ചൈനയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ചൈനയിലേക്കു യാത്ര പോയ മെങിനെക്കുറിച്ചു ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ പരാതി നല്‍കിയതോടെ ഫ്രഞ്ച് പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഹോങ്‌വെ താമസിച്ചിരുന്നത്. സപ്തംബര്‍ 29നാണ് അദ്ദേഹം ചൈനയിലേക്കു പുറപ്പെട്ടത്. ചൈനയില്‍ പൊതുസുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രിസ്ഥാനം ഉള്‍പ്പെടെ ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണു മെങ് ഹോങ്‌വെ. 2016ലാണ് ഇന്റര്‍പോള്‍ പ്രസിഡന്റായി സ്ഥാനമേറ്റത്.
ഹോങ്‌വെയെ ചൈനീസ് അധികൃതര്‍ കസ്റ്റഡിയില്‍ വച്ചതായി ഹോങ്കോങില്‍ നിന്നുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തിരുന്നു. പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ അച്ചടക്ക അധികൃതരാണ് ഇന്റര്‍പോള്‍ പ്രസിഡന്റിനെ ചോദ്യംചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മെങ് ഹോങ്‌വെയുടെ വിശ്വാസ്യത സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംശയമുള്ള സാഹചര്യത്തിലാണ് ഇത്തരത്തില്‍ ചോദ്യംചെയ്യലിനു സാധ്യത. ഹോങ്‌വെ ചൈനയിലെത്തിയപ്പോള്‍ തന്നെ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. ഫ്രാന്‍സില്‍ നിന്നു തന്നെയാണു ഹോങ്‌വെയെ കാണാതായിരിക്കുന്നതെന്ന തരത്തിലും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it