വിഴിഞ്ഞം: സിഎജിക്ക് വീഴ്ച സംഭവിച്ചെന്ന് കമ്മീഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ വിലയിരുത്തിയതില്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിഴിഞ്ഞം കമ്മീഷന്റെ  നിരീക്ഷണം. കരാറിനെ അപലപിക്കണം എന്ന മുന്‍വിധിയോടെയായിരുന്നു സിഎജിയുടെ സമീപനമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
വസ്തുതാപരമായ ഏറെ പിഴവുകള്‍ റിപോര്‍ട്ടിലുണ്ട്. പദ്ധതിക്കെതിരേ ലേഖനം എഴുതിയ വ്യക്തിയെ വിദഗ്ധന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണ്. ആദ്യഘട്ട നിരീക്ഷണങ്ങള്‍ക്ക് വിശദീകരണം നല്‍കാനുള്ള പ്രാഥമിക അവകാശം പോലും ഉദ്യോഗസ്ഥര്‍ക്കു നിഷേധിക്കപ്പെട്ടു. വിദഗ്ധന്‍ എന്ന നിലയില്‍ ചിലര്‍ എഴുതിക്കൊടുത്ത റിപോര്‍ട്ടില്‍ ഒപ്പിടുന്ന ക്ലറിക്കല്‍ ജോലി മാത്രമേ സിഎജി ചെയ്തിട്ടുള്ളോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഇന്നലെ നടന്ന സിറ്റിങിലെ വാദത്തിനിടയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. ഇത്തരം നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി.
സിഎജി എന്നാല്‍ സര്‍ക്കാര്‍ അല്ലെന്നും നയപരമായ തീരുമാനങ്ങളില്‍ സിഎജി ഇടപെടേണ്ട കാര്യമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ തെളിവെടുപ്പിനായി വിഴിഞ്ഞം കമ്മീഷനില്‍ വിളിച്ചുവരുത്തണമെന്ന പി സി ജോര്‍ജ് എംഎല്‍എയുടെ അഭ്യര്‍ഥന ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് വിഴിഞ്ഞം തുറുമുഖ നിര്‍മാണ കരാറില്‍ ഒപ്പിടാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചതെന്നു സുധീരന്‍ പരസ്യ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു പി സി ജോര്‍ജിനു വേണ്ടി ഹാജരായ ഷോണ്‍ ജോര്‍ജിന്റെ വാദം.
എന്നാല്‍, പ്രസ്താവനകളല്ല, തെളിവുകളാണ് വേണ്ടതെന്നു കമ്മീഷന്‍ അറിയിച്ചു. സുധീരനെ വിളിച്ചുവരുത്താന്‍ ഉദ്ദേശ്യമില്ല. എന്നാല്‍, അദ്ദേഹം സ്വന്തം നിലയില്‍ ഹാജരാവുന്നതില്‍ തടസ്സമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ പി സി ജോര്‍ജോ, പാര്‍ട്ടി പ്രതിനിധികളോ പങ്കെടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
25 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കരാറിലെ ചില വ്യവസ്ഥകളോടുള്ള വിയോജിപ്പ് രേഖാമൂലം അറിയിച്ചു. എന്നാല്‍, പി സി ജോര്‍ജ് കരാറിനോടുള്ള എതിര്‍പ്പ് നേരത്തേ അറിയിച്ചിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ രഹസ്യയോഗം ചേര്‍ന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it