വിഴിഞ്ഞം കമ്മീഷന്‍ സിറ്റിങ്ആസൂത്രണ കമ്മീഷന്‍ ഉപദേശകനെ വിസ്തരിക്കും

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറിന് മാതൃകയായി കണക്കാക്കിയ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ കരാറുണ്ടാക്കിയ ഗജേന്ദ്ര ഹാല്‍ദിയയെ വിസ്തരിക്കാന്‍ വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനം. ഈ മാസം 23ന് ഹാല്‍ദിയയുടെ വാദം കേള്‍ക്കാനാണ് തീരുമാനം. ആസൂത്രണ കമ്മീഷന്റെ ഉപദേശകന്‍ കൂടിയായ ഹാല്‍ദിയയുടെ ആവശ്യം പരിഗണിച്ചാണ് വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ വാദങ്ങള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് 500ലധികം വന്‍കിട പദ്ധതികള്‍ക്ക് ആസൂത്രണ കമ്മീഷന്റെ ഈ മാതൃക കരാര്‍ തന്നെയാണ് ആധാരമാക്കിയത്. എന്നിട്ടും മറ്റൊരിടത്തും ഉണ്ടാവാത്ത ആരോപണങ്ങളാണ് കരാറിനെതിരേ സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നതെന്നും ഗജേന്ദ്ര ഹാല്‍ദിയ സത്യവാങ്മൂലത്തില്‍ പരാര്‍മശിക്കുന്നു. ഹാല്‍ദിയയെ വിസ്തരിക്കണമെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് കമ്മീഷന്‍ സിറ്റിങിന്റെ തുടക്കം മുതല്‍ക്കേ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരെയും വിളിച്ചുവരുത്താന്‍ ഉദ്ദേശ്യമില്ലെന്നായിരുന്നു കമ്മീഷന്‍ നിലപാട്. സ്വയം ഹാജരാവുന്നതില്‍ തടസ്സമില്ലെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹാല്‍ദിയ തന്നെ കഴിഞ്ഞദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പദ്ധതി നടപ്പാക്കാന്‍ വേണ്ടി ആത്മാര്‍ഥമായാണ് കഴിഞ്ഞ സര്‍ക്കാര്‍ പരിശ്രമിച്ചത്. ഇക്കാര്യത്തില്‍ ആരെയും കുറ്റക്കാരായി സിഎജിയും കാണുന്നില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റിയെന്ന് വരാം. എന്നുവച്ച് ചെയ്തതെല്ലാം നിയമവിരുദ്ധവും അഴിമതിയുമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ഭാവിയില്‍ ഉദ്യോഗസ്ഥന്‍മാര്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ചിലപ്പോള്‍ ഇതുമൂലം മടിക്കുമെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it