thrissur local

വിളവെടുത്തപ്പോള്‍ പണിക്കൂലി ലഭിക്കുമോയെന്ന ആശങ്കയില്‍ സ്ത്രീ കൂട്ടായ്മ

ചാലക്കുടി: പ്രതിസന്ധികളോട് പൊരുതി കൃഷിയിറക്കിയ സ്ത്രീകൂട്ടായ്മക്ക് വിളവെടുത്തപ്പോള്‍ പണികൂലി ലഭിക്കുമോയെന്ന ആശങ്കയില്‍. കാരകുളത്തുനാട് പാടശേഖരത്തെ പതിനഞ്ച് ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയ ചിന്മയ കുടുബശ്രീ സംഘമാണ് പണികാശ് ലഭിക്കുമോയെന്ന ആശങ്കയിലായിരിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളായ രമണി രഞ്ചന്‍, പുഷ്പാവതി അശോകന്‍, ഷൈല സത്യധര്‍മ്മന്‍, ശശികല സത്യന്‍ എന്നിവരാണ് പ്രതിസന്ധികളോട് മല്ലടിച്ച് നെല്‍കൃഷിയിറക്കിയത്. മുന്‍വര്‍ഷം പത്തേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച അത്മധൈര്യമാണ് ഇക്കൊല്ലം പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ പ്രേരകമായത്.
നീലകോഴികളാണ് ഇത്തവണ ഇവര്‍ക്ക് വില്ലനായത്. നീലകോഴി രണ്ട് തവണയാണ് ഇത്തവണ കൃഷിയിടത്ത് നാശം വിതച്ചത്. നെല്‍കതിരായതോടെ നീലകോഴി നെല്‍ചെടി വെട്ടിയിട്ടു. തുടര്‍ന്ന് രണ്ടാമതും കൃഷിയിറക്കിയെങ്കിലും നീലകോഴി ആക്രമണത്തെതുടര്‍ന്ന് കൃഷിനശിച്ചു.
മൂന്നാംവട്ടം കൃഷിയിറക്കിയതാണ് ഇപ്പോള്‍ കൊയ്‌തെടുത്തത്. മൂന്ന് ലക്ഷം രൂപ ലോണെടുത്താണ് ഇവര്‍ നെല്‍കൃഷിക്കിറങ്ങിയത്. കൊയ്ത്തിനായി കൊയ്ത്ത് യന്ത്രം കൊണ്ടുവന്നെങ്കിലും ചെളിയില്‍ താഴ്ന്നുപോയതിനാല്‍ പകുതി കൃഷിയിടത്തെ കൊയ്ത്ത് മാത്രമാണ് നടത്താനായത്. ബാക്കിയുള്ള ഭാഗം കൈകൊയ്ത്ത് ചെയ്യേണ്ട അവസ്ഥയിലാണ്. നെല്ല് ഉണക്കി സപ്ലൈക്കോക്കാണ് ഇവര്‍ നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയേക്കാള്‍ ആറ് ശതമാനം കുറവിനാണ് സപ്ലൈകോ നെല്ലെടുക്കുന്നത്. പ്രതിസന്ധിയോട് മല്ലടിച്ച് കൃഷിയിറക്കിയ ഇവര്‍ക്ക് പണിക്കാശെങ്കിലും ലഭിക്കുമോയെന്ന ആങ്കയിലാണ് ഈ കുടുംബശ്രീ അംഗങ്ങള്‍.
Next Story

RELATED STORIES

Share it