Business

വില്‍പന നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് സ്വര്‍ണവ്യാപാരികള്‍

തിരുവനന്തപുരം: ഇതര സംസ്ഥാന നിരക്കിന് തുല്യമായി കേരളത്തില്‍ സ്വര്‍ണത്തിനുള്ള മൂല്യവര്‍ധിത നികുതി അഞ്ചില്‍ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്നും അനധികൃത വില്‍പനയും സ്വര്‍ണക്കടത്തും തടയണമെന്നും സംഘടിത സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ദിനംപ്രതി 1200 കിലോഗ്രാം  സ്വര്‍ണം വില്‍പന നടക്കുന്നുണ്ട്. പക്ഷേ, അക്കൗണ്ടില്‍ കാണിച്ച് വില്‍പന നടത്തുന്നത് ഏതാണ്ട് 30 ശതമാനവും വാര്‍ഷിക വിറ്റുവരവ് കാണിക്കുന്നത് 34,020 കോടി രൂപയും മാത്രം. യഥാര്‍ഥ വാര്‍ഷിക വിറ്റുവരവ് ഏകദേശം 1,13,400 കോടി രൂപയോളം വരുമെന്നിരിക്കേ  ഇതിന്റെ ഒരു ശതമാനം മൂല്യവര്‍ധിത നികുതിയിനത്തില്‍ ലഭിച്ചാല്‍തന്നെ സര്‍ക്കാറിന് 1,134 കോടി രൂപ സ്വര്‍ണ മേഖലയില്‍നിന്ന് മാത്രമായി നികുതിയിനത്തില്‍ ലഭ്യമാവും. എന്നാല്‍, ഈയിനത്തില്‍ ഇപ്പോള്‍ ലഭ്യമാവുന്നത് 480 കോടി രൂപ മാത്രമാണ്. അനധികൃത വ്യാപാരവും കള്ളക്കടത്തും നടത്തുന്നവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതെന്നും വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ടിഎസ് കല്യാണരാമന്‍ (ചെയര്‍മാന്‍ കല്യാണ്‍ ഗ്രൂപ്പ്), എം പി അഹമ്മദ് (ചെയര്‍മാന്‍ മലബാര്‍ ഗ്രൂപ്പ്),  പിവി ജോസ്, എ കെ നിഷാദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it