വില്ലേജ് റോക്ക് സ്റ്റാര്‍ ഓസ്‌കറിലേക്ക്

മുംബൈ: ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ വിദേശസിനിമാ വിഭാഗത്തിലേക്കു മല്‍സരിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ചലച്ചിത്ര ഫെഡറേഷന്റെ 12 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. 28 സിനിമകളെ പിന്തള്ളിയാണ് റിമയുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. റാസി, പദ്മാവത്, പാഡ്മാന്‍, ബയോസ്‌കോപ്‌വാല, മന്‍തൊ, മഹാനടി, ഭയാനകം, 102 നോട്ട്ഔട്ട് തുടങ്ങിയ ചിത്രങ്ങളായിരുന്നു സമിതിയുടെ പരിഗണനയ്‌ക്കെത്തിയത്. റിമയുടെ രണ്ടാമത്തെ ചിത്രമാണ് വില്ലേജ് റോക്ക്സ്റ്റാര്‍സ്.
അടുത്തവര്‍ഷം ഫെബ്രുവരി 27നാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങളെന്നറിയപ്പെടുന്ന അഥവാ ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ സയന്‍സസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
ഇന്ത്യയില്‍ നിന്ന് ഇതുവരെ ഒരു സിനിമ പോലും മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയിട്ടില്ല. എന്നാല്‍, പുരസ്‌കാരത്തിനുള്ള അവസാന പട്ടികയിലേക്കു മൂന്നു തവണ ഇന്ത്യന്‍ ചിത്രങ്ങളെ തിരഞ്ഞെടുത്തിരുന്നു. മെഹബൂബ് ഖാന്റെ മദര്‍ ഇന്ത്യ (1957), മീര നായരുടെ സലാം ബോംബെ (1988), അശുതോഷ് ഗവാരിക്കറുടെ ലഗാന്‍ (2001) എന്നിവയാണ് ഇത്തരത്തില്‍ തിരഞ്ഞെടുത്തത്.
അമിത് മസൂര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണ്‍ ആണ് കഴിഞ്ഞ വര്‍ഷം ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തിരുന്നത്. അപുര്‍ സന്‍സാര്‍ (1959), ഗൈഡ് (1965), സാരാംശ് (1984), നായകന്‍ (1987), പരിന്ദ (1989), അഞ്ജലി (1990), ഹേ റാം (2000), ദേവ്ദാസ് (2002), ഹരിശ്ചന്ദ്രചി ഫാക്ടറി (2008), ബര്‍ഫി (2012), കോര്‍ട്ട് (2014) തുടങ്ങിയവയാണ് മുന്‍വര്‍ഷങ്ങളിലെ ചിത്രങ്ങള്‍.

Next Story

RELATED STORIES

Share it