kozhikode local

വില്ലേജ് ഓഫിസിലെ പ്രിന്റര്‍ തകരാറില്‍; സേവനം ലഭിക്കാതെ ഗുണഭോക്താക്കള്‍

വാണിമേല്‍: സാധാരണക്കാര്‍ നിത്യവും ബന്ധപ്പെടുന്ന വില്ലേജ് ഓഫിസിലെ പ്രിന്റര്‍ തകരാറായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയില്ല. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വലയുന്നു. വാണിമേല്‍ വില്ലേജ് ഓഫിസിലെത്തുന്നവര്‍ക്കാണീ ദുരിതം. എന്നാല്‍ പ്രിന്റര്‍ തകരാറ് പരിഹരിക്കാന്‍ നടപടിയൊന്നുമുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വില്ലേജ് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരാണ് ദിവസങ്ങളായി കാര്യം സാധിക്കാതെ തിരിച്ചു പോവേണ്ടി വരുന്നത്. പ്രിന്റര്‍ തകരാറായതിനാല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പ്രിന്റ് ചെയ്ത് നല്‍കാന്‍ സാധിക്കുന്നില്ല. ഇത് മൂലം ഓഫിസിലെത്തുന്ന അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനാവാതെ ഉദ്യോഗസ്ഥരും പ്രയാസപ്പെടുകയാണ്.
അതേസമയം റവന്യൂ വകുപ്പിന് കീഴിലുള്ള വില്ലേജ് ഓഫി സിലെ മെഷീന്‍ കേടായ വിവരം മേലുദ്യോഗസ്ഥരെ വളരെ മുമ്പ് തന്നെ അറിയിച്ചിട്ടും അധികൃതര്‍ പ്രിന്റര്‍ നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ഉദേ്യാഗസ്ഥര്‍ പറയുന്നത്.
ഉദ്യോഗസ്ഥതലത്തിലെ മെല്ലെപ്പോക്ക് മൂലം സാധാരണക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. വാണിമേല്‍ വില്ലേജിലെ പ്രിന്ററിന്റെ പ്രശ്‌നം പരിഹരിച്ച് അടിയന്തരമായി നാട്ടുകാരുടെ പ്രയാസം ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it