Alappuzha local

'വിമുക്തി'; സ്‌കൂളുകള്‍ക്ക് 5,000 രൂപ ; ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 25,000 രൂപയും നഗരസഭയ്ക്ക് 50,000 രൂപയും പ്രവര്‍ത്തന ഫണ്ട്



ആലപ്പുഴ: ജില്ലയിലെ ആറു നഗരസഭകളിലും 12 ബ്ലോക്ക് പഞ്ചായത്തുകളിലും വിമുക്തി കമ്മിറ്റി രൂപീകരിച്ചുകഴിഞ്ഞതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍ എസ് സലിംകുമാര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ക്ക് 25,000 രൂപയും നഗരസഭയ്ക്ക് 50,000 രൂപയും അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 5000 രൂപ നല്‍കും. 62 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 128 എയ്ഡഡ് സ്‌കൂളുകള്‍ക്കും 15 കോളജുകള്‍ക്കും ഫണ്ട് ലഭിക്കും. മാര്‍ച്ച് 31നകം ഫണ്ട് ചെലവഴിക്കണമെന്ന് നിര്‍ദേശത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിമുക്തി ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. വിമുക്തിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴു ലക്ഷത്തോളം വീടുകളില്‍ ലഹരിവിമുക്ത പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ട് അഭ്യര്‍ഥന എത്തിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് ഇറക്കുന്ന സ്റ്റിക്കറും വീടുകളിലെത്തിക്കും. ഇതിന് ബഹുജന സഹകരണം ഉറപ്പാക്കും. ലഹരി വിരുദ്ധ റെയ്ഡുകള്‍ ശക്തിപ്പെടുത്താന്‍ എക്‌സൈസിനും പോലിസിനും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി. ലഹരിവസ്തുക്കളുടെ വില്‍പ്പന നടത്തുന്ന പ്രധാനികളെ പിടിച്ച് തുറുങ്കിലടക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടിയായ 'വിമുക്തി'യെ ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തണം. ജനപ്രതിനിധികളും പിറ്റിഎയും സജീവമാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മുമ്പ് നടപ്പാക്കിയ വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച വെബ്‌സൈറ്റ് പുനസ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ പറഞ്ഞു. ക്ലാസില്‍ കയറാത്ത വിദ്യാര്‍ഥികളെക്കുറിച്ച് സ്‌കൂളില്‍നിന്ന് എസ്എംഎസ് മുഖേന രക്ഷകര്‍ത്താക്കള്‍ക്ക് വിവരം നല്‍കുന്നതിനുള്ള സംവിധാനം ആലോചനയിലാണെന്ന് ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് പറഞ്ഞു. കോട്ടയം ജില്ലയില്‍ നടപ്പാക്കിയ ഗുരുകുലം പദ്ധതിയുടെ മാതൃകയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ എത്തിയോയെന്ന വിവരം രാവിലെ തന്നെ രക്ഷകര്‍ത്താവിനെ അറിയിക്കുന്ന സോഫ്ട്‌വേര്‍ തയ്യാറാക്കാനുള്ള നടപടികളിലാണ് പോലിസ്. ലഹരിവസ്തു വില്‍പ്പന തടയുന്നതിനായി എല്ലാ സര്‍ക്കിള്‍ ഓഫിസുകളും കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.എംഎല്‍എമാരായ ആര്‍ രാജേഷ്, അഡ്വ. കെ കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍ എസ് സലിംകുമാര്‍, വി അശോകന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it