വിമാനയാത്രക്കാരനെതിരേ ആയുധ നിയമപ്രകാരം കുറ്റപത്രം

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ബാഗിനുള്ളില്‍ നിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത കേസില്‍ യാത്രക്കാരനെതിരേ വലിയതുറ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ജുഡീഷ്യ ല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 11 മുമ്പാകെ ആയുധ നിയമപ്രകാരമാണു കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം പരിശോധിച്ച് ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് മിഥുന്‍ ഗോപി, പ്രതിയെ ആഗസ്ത് 18നു ഹാജരാക്കാന്‍ വലിയ തുറ പോലിസിന് നിര്‍ദേശം നല്‍കി. ചിറയിന്‍കീഴ് സ്വദേശിയും ഒമാനില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയുമായ ബാബുവിന്റെ മകന്‍ ഷാജിമോന്‍ ആണ് കേസിലെ പ്രതി. 2016 നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. അവധി കഴിഞ്ഞ് വിദേശത്തേക്കു പോവുന്നതിനായി ഉച്ചതിരിഞ്ഞ് ഷാജിമോന്‍ വിമാനത്താവളത്തില്‍ എത്തി. എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഉപയോഗിക്കാത്ത മൂന്നു വെടിയുണ്ടകള്‍ കണ്ടെത്തി. ഇയാളെ വലിയതുറ പോലിസിന് കൈമാറുകയായിരുന്നു.  തിരുവനന്തപുരം ഒമാന്‍ എയര്‍വേയ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് ഓഫിസര്‍ ടോണി വര്‍ഗീസിന്റെ പ്രഥമവിവര മൊഴി പ്രകാരമാണ് കേസെടുത്തത്. ആയുധ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളായ മൂന്നും 25-1 ബി യും പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അതേസമയം തന്റെ അയല്‍വാസിയായ ഒരു റിട്ടയേഡ് മിലിട്ടറി ഓഫിസറുടെ വീട്ടില്‍ താന്‍ യാത്ര ചോദിക്കാനായി അന്നേദിവസം പോയിരുന്നപ്പോള്‍ ഓഫിസര്‍ക്ക് സ്വയംരക്ഷയ്ക്കായി നല്‍കിയിട്ടുള്ള തോക്കിലെ മൂന്നു വെടിയുണ്ടകള്‍ ഓഫിസറുടെ ചെറുമകള്‍ താനറിയാതെ യാത്രാ ബാഗിനുള്ളില്‍ നിക്ഷേപിച്ചതാണെന്നാണു ഷാജി മോന്‍ വ്യക്തമാക്കിയത്. 2009ല്‍ വിദേശ പര്യടനം കഴിഞ്ഞ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തി ല്‍ വന്നിറങ്ങിയ അന്നത്തെ  സിപിഎം സംസ്ഥാന സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ബാഗിനുള്ളില്‍ നിന്നു സമാനരീതിയില്‍ എയര്‍പോര്‍ട്ട് അ ധികൃതര്‍ വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു.
Next Story

RELATED STORIES

Share it