malappuram local

വിമാനത്താവള ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

കൊണ്ടോട്ടി: കരിപ്പൂര്‍ റണ്‍വേയില്‍നിന്ന് മഴവെള്ളം കുത്തിയൊലിച്ച് ദുരിതത്തിലായ കൂട്ടാലുങ്ങല്‍ പ്രദേശവാസികള്‍ വിമാനത്താവള ടെര്‍മിനല്‍ മാനേജറടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞു. പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
തുടര്‍ച്ചയായി പെയ്ത മഴയില്‍ വിമാനത്താവള റണ്‍വേയില്‍നിന്നു വെള്ളം കുത്തിയൊലിച്ച് കൂട്ടാലുങ്ങല്‍ പ്രദേശത്തെ ഏഴു വീടുകളിലെ കിണറുകളും ഇരുപത് വീട്ടുകാര്‍ ഉപയോഗിക്കുന്ന കൂട്ടാലുങ്ങല്‍ കുടിവെള്ള പദ്ധതിയുടെ കിണറും മലിനമായിരിക്കുകയാണ്. ചുള്ളിയന്‍ ആയിശാബി, കുമ്മാളി അബ്ദു, കുമ്മാളി ഹസ്സന്‍കുട്ടി , ചേര്‍ങ്ങോടന്‍ അവറാന്‍ കുട്ടി, കുമ്മാളി മുഹമ്മദ്, ഫാത്തിമ, ചുള്ളിയന്‍ ഹാരിസ് എന്നിവരുടെ കിണറുകളാണ് മലിനമായത്. ഇവരുടെ സേഫ്റ്റി ടാങ്കുകള്‍ വെള്ളക്കട്ടില്‍ മുങ്ങി നിറഞ്ഞൊഴുകുകയാണ്.
പ്രശ്‌നം പരിഹരിക്കണമെന്ന പള്ളിക്കല്‍ വൈസ് പ്രസിഡന്റ് ജസീലാ ലത്തീഫിന്റ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടറെ അറിയിച്ചതിനെതുടര്‍ന്ന് ഇന്നലെ പ്രദേശത്ത് പ്രതിനിധി സംഘമെത്തിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ സാങ്കേതികപ്രശ്‌നം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോഴാണ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാഹനമുള്‍പ്പെടെ ഉദ്യോഗസ്ഥരെ പോവാന്‍ അനുവധിക്കാതെ തടഞ്ഞുവച്ചത്.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്‌ന പരിഹാരം നിര്‍ദേശിച്ചാല്‍ മാത്രമെ പിരിഞ്ഞുപോവുകയുള്ളൂ എന്ന് നാട്ടുകാര്‍ അറിയിച്ചതോടെ ഡയറക്ടര്‍ സിഐഎസ്ഫ് ബാരക്കിന് സമീപം വന്ന് ചര്‍ച്ചയ്ക്ക് തയ്യാറായി. ഇതിനെതുടര്‍ന്നാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
മുഴുവന്‍ കിണറുകളും വെള്ളം ഒഴിവാക്കി ശുചീകരിക്കാമെന്നും സേഫ്റ്റി ടാങ്കുകള്‍ ക്ലീന്‍ ചെയ്തു തരാമെന്നും വീട്ടിന്റെ മറ്റ് കേടുപാടുകള്‍ പരിഹരിക്കുമെന്നും വാഹനത്തില്‍ ശുദ്ധജലം എത്തിക്കാമെന്നും നടപടി ക്രമങ്ങള്‍ പാലിച്ച് ഒരു പൊതുകിണര്‍ നിര്‍മിക്കാമെന്നും രേഖാമൂലം ഉറപ്പുനല്‍കി. അടിയന്തരമായി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് വെള്ളം തിരിച്ചുവിടാനുള്ള നടപടിയും തുടങ്ങി. ചര്‍ച്ചയില്‍ മൂഴിയന്‍ നജ്മുദ്ധീന്‍, ലത്തീഫ് കൂട്ടാലുങ്ങല്‍, ഷാഹുല്‍ ഹമീദ് പറശ്ശീരി, റാസിഖ് അനീകാടന്‍, ചേര്‍ങ്ങോടന്‍ ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. കുമ്മാളി മുനീര്‍, ചുള്ളിയന്‍ ഹാരിസ്, ചിങ്ങന്‍ സലീം എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it