kannur local

വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്‌നറുകള്‍ വഴിയില്‍ കുടുങ്ങി

മാഹി: ദേശീയപാതയിലെ തടസ്സങ്ങള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്‌നറുകള്‍ മാഹിയില്‍ കുടുങ്ങി. ഇന്നലെ ഉച്ചയോടെയാണ് മാഹി അതിര്‍ത്തിയായ അഴിയൂരില്‍ പോലിസ്  കാവലിലെത്തിയ രണ്ടു കണ്ടെയ്‌നറുകള്‍ വഴിയില്‍ കുടുങ്ങിയത്.
ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിമാനത്തിലേക്ക് യാത്രക്കാര്‍ക്ക് കയറാനുള്ള മുംബൈ ഡെക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ എയ്‌റോ ബ്രിഡ്ജുമായി ചെന്നൈയില്‍ നിന്നു മെയ് ഏഴിനാണ് രണ്ട് കണ്ടെയ്‌നറുകള്‍ കണ്ണൂരിലേക്ക് പുറപ്പെട്ടത്. 34 മീറ്ററുള്ള രണ്ടു കണ്ടെയ്‌നറുകള്‍ക്ക് പോവാന്‍ വഴിയൊരുക്കുന്നതിന്റെ ഭാഗമായി കോരപ്പുഴ പാലം മുതല്‍ കുഞ്ഞിപ്പള്ളി വരെ 120 ഓളം പോലിസുകാരെ സജ്ജമാക്കിയിരുന്നു. വലിയ ചരക്കുലോറികള്‍ ദേശീയ പാതയോരങ്ങളില്‍ പലയിടങ്ങളിയായി ഇന്നലെ രാവിലെ മുതല്‍ പിടിച്ചിട്ടിരുന്നു. ഗ്ലാസ് കൊണ്ട് നിര്‍മിച്ച എയ്‌റോ ബ്രിഡ്ജായതിനാല്‍ വളരെ പതുക്കെയാണ് കണ്ടെയ്‌നറുകള്‍ നീങ്ങിയത്.
മൂരാട് പാലം മുതല്‍ കരിമ്പനപ്പാലം വരെ എത്താന്‍ മണിക്കൂറുകളെടുത്തു. അതാത് ജില്ലാ കലക്്ടറുടെ അനുമതിയോടെയാണ് ഓരോ ജില്ലയിലും കണ്ടെയ്‌നര്‍ പ്രവേശിക്കുന്നത്. എന്നാല്‍ മാഹിയിലൂടെ കടന്നുപോവാന്‍ മാഹി അധികൃതരുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ കണ്ടെയ്‌നര്‍ ഞായറാഴ്ച രാത്രി കുഞ്ഞിപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. മാഹിയില്‍ സ്റ്റാച്യു ജങ്ഷനു സമീപം ജെഎന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന് മുന്നിലെ നടപ്പാതയുടെ കൈവരികള്‍ പൊളിച്ചുമാറ്റുകയും സമീപത്ത് തന്നെയുള്ള ഒരു വൈദ്യുതി തൂണും നീക്കം ചെയ്താല്‍ മാത്രമേ ലോറികള്‍ക്ക് കടന്നുപോവാന്‍ സാധിക്കുകയുള്ളുവെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും മാഹി പൊതുമരാമത്ത് വകുപ്പും വൈദ്യുതി വകുപ്പും അനാസ്ഥ കാട്ടിയെന്നു ആക്ഷേപമുണ്ട്.അതേസമയം, മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ 28ന് മാഹിയില്‍ നിന്ന് മട്ടന്നൂരിലേക്ക് കൊണ്ടുപോവാന്‍ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എഡിഎം ഇ മുഹമ്മദ് യൂസുഫിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗം തീരുമാനിച്ചു.
മാഹി-തലശ്ശേരി മേലെചൊവ്വ വഴിയാണ് മട്ടന്നൂരിലേക്ക് എയ്‌റോബ്രിഡ്ജ് എത്തിക്കുക. 28നു രാവിലെ 5നു മാഹിയില്‍ നിന്ന് കണ്ടെയ്‌നറുകള്‍ പുറപ്പെടും. 30ന് വിമാനത്താവളത്തിലെത്തും. പോലിസ്, ഫയര്‍ ആന്റ് റസ്‌ക്യു, വൈദ്യുതി വകുപ്പുകളുടെ നിര്‍ദേശങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും എഡിഎം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it