Pathanamthitta local

വിമാനത്താവളത്തിന് പിന്നാലെ ആറന്മുള ബ്രാന്‍ഡ് അരിയും വിവാദങ്ങളിലേക്ക്‌



കോഴഞ്ചേരി: വിമാനത്താവള വിവാദങ്ങള്‍ക്ക് വിരമമിട്ട് ആറന്‍മുള പുഞ്ചയില്‍ നിന്നു കൊയ്ത് എടുത്ത് വിപണിയിലെത്തുന്ന ആറന്‍മുള ബ്രാന്‍ഡ് അരിയും വിവാദങ്ങളിലേക്ക്്. സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊയ്‌തെടുത്ത ആറന്മുള നെല്ല് ഓയില്‍പാമിന്റെ മില്ലില്‍ എത്തിയപ്പോള്‍ 50 ടണ്‍ അപ്രത്യക്ഷമായി. സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടതോടെ ഇടനിലക്കാരും ഓയില്‍പാം അധികൃതരും മറുപടി പറയേണ്ട സ്ഥിതിയിലുമായി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നെല്‍കൃഷി പുനരുദ്ധാരണ പദ്ധതി പ്രകാരം ആറന്മുളയില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 29നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തത്. ആറന്മുള വിമാനത്താവള പദ്ധതിക്ക് എന്നന്നേക്കുമായി തടയിട്ടുകൊണ്ട്, തരിശായി കിടക്കുന്ന വയലുകളില്‍ കൃഷി ഇറക്കുമെന്ന ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കിയ സംഭവമായിരുന്നു ഇത്. ആറന്മുള, മല്ലപ്പുഴശേരി പാടശേഖരത്തില്‍ നെല്‍കൃഷി പച്ചപ്പുവിരിച്ചതോടെ കഴിഞ്ഞ ഫെബ്രുവരി 20ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. ഇതില്‍ നീര്‍വിളാകം പുഞ്ചയില്‍ മാത്രം കൊയ്ത നെല്ല് 120 ടണ്ണായിരുന്നുവെന്ന് കര്‍ഷകരും പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫിസര്‍ ജെ സജീവനും ശരിവയ്ക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഓയില്‍പാമില്‍ നെല്ല് എത്തിയപ്പോള്‍ 70 ടണ്ണായി കുറഞ്ഞതോടെ 50 ടണ്‍ നെല്ല് എവിടെപോയി എന്ന ചോദ്യമുണ്ടായത്. ഇത് വ്യക്തമാക്കി സ്‌പെഷ്യല്‍ ഓഫിസര്‍ ജെ സജീവന്‍ കഴിഞ്ഞ 20ന് ആറന്മുള കൃഷി ഓഫിസര്‍ക്ക് കത്തയച്ചിരുന്നു. കത്തിന്റെ കോപ്പി ജില്ലാ കലക്ടര്‍ക്കും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കും നല്‍കി. ഇതേ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്.  ഒരു കിലോഗ്രാം നെല്ലിന് ഇപ്പോള്‍ സര്‍ക്കാര്‍ 22.50 രൂപയാണ് നല്‍കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ 11.25 ലക്ഷം രൂപ ലഭിക്കേണ്ടതാണ്. ആറന്മുള നീര്‍വിളാകം പുഞ്ചയില്‍ നെല്ല് വിളഞ്ഞ് പാകമായപ്പോള്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഇവിടെ സര്‍വേ നടത്തിയിരുന്നു. ഇതനുസരിച്ച് റോഡിന്റെ വടക്കുവശത്തുള്ള 75 ഏക്കര്‍ (30 ഹെക്ടര്‍) പുഞ്ചയില്‍ ഒരു ഹെക്ടര്‍റില്‍ 12 ടണ്‍ നെല്ലും റോഡിന് തെക്കുഭാഗത്തുള്ള 75 ഏക്കര്‍ (30 ഹെക്ടര്‍) പുഞ്ചയില്‍ നിന്നും ഒരു ഹെക്ടറില്‍ 8.5 ടണ്‍ അരിയും ലഭിക്കുമെന്ന് കണ്ടെത്തിയിരുന്നു. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ കൊയ്ത്തുനടന്ന വടക്കുഭാഗത്തെ വയലില്‍ നിന്നുമാത്രം ഉദ്ദേശം 180 ടണ്‍ നെല്ല് ലഭിക്കേണ്ടതാണ്. എന്നാല്‍ ഇവിടം കൊയ്തപ്പോള്‍ 120 ടണ്‍ നെല്ല് മാത്രമാണ് ലഭിച്ചത്. വിളവെടുപ്പിനുശേഷം നീര്‍വിളാകം പുഞ്ചയില്‍ നിന്ന് ഗവണ്‍മെന്റ് ഓയില്‍പാം ഇന്ത്യയുടെ വൈക്കം വെച്ചൂര്‍ മില്ലിലേക്കാണ് നെല്ല് കൊണ്ടുപോയത്. ഇവിടെ എത്തിയശേഷമാണോ നെല്ലിന്റെ അളവ് കുറഞ്ഞത് എന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിട്ടുള്ളത്. നീര്‍വിളാകത്തിനൊപ്പം കൃഷി ചെയ്ത പുന്നയ്ക്കാട്, മല്ലപ്പുഴശേരി പാടശേഖരങ്ങളില്‍ നിന്ന് ഓയില്‍പാം ഇന്ത്യയിലെത്തിയ നെല്ലിന്റെയും ഏരിയായുടെയും അളവും അഴിമതി നടന്നതായുള്ള സംശയം ബലപ്പെടുത്തുന്നു. പുന്നയ്ക്കാട് പാടശേഖരത്തില്‍ 25 ഏക്കറില്‍ കൃഷി ചെയ്തപ്പോള്‍ 45 ടണ്‍ നെല്ലാണ് മില്ലില്‍ എത്തിയത്. മല്ലപ്പുഴശേരിയില്‍ 14 ഏക്കറില്‍ കൃഷി ചെയ്തപ്പോള്‍ 28.5 ടണ്‍നെല്ല് മില്ലിലെത്തി. എന്നാല്‍ നീര്‍വിളാകം പാടശേഖരത്തിലെ 75 ഏക്കറില്‍ നിന്ന്് 120  ടണ്‍ നെല്ല് മാത്രമാണ് വൈക്കം മില്ലിലെത്തിയതെന്ന് പറയുമ്പോള്‍ തട്ടിപ്പ് നടന്നതായുള്ള സംശയത്തിന് ആഴം കൂടുന്നു.
Next Story

RELATED STORIES

Share it