malappuram local

വിമാനത്താവളം: ലൈറ്റ് അപ്രോച്ച് സ്ഥലമേറ്റെടുക്കല്‍ നീളുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈറ്റ് അപ്രോച്ച് സ്ഥാപിക്കാന്‍ വിട്ടുനല്‍കിയ വീടുകളുടെയും സ്ഥലത്തിന്റെയും രജിസ്‌ട്രേഷന്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍. ഇതിനെതിരേ ജനുവരി 20ന് കുടിയിറക്കുവിരുദ്ധ കര്‍മസമിതിയുടെ നേതൃത്വത്തില്‍ പാറാപൊയിലില്‍ പ്രവൃത്തി നടക്കുന്ന സ്ഥലം ഉപരോധിച്ചിരുന്നു. സമരക്കാരുമായി ചര്‍ച്ച നടത്തിയ കിയാല്‍ എംഡി, കഴിഞ്ഞ മാസം അവസാനത്തോടെ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക അനുവദിക്കുമെന്ന് ഉറപ്പുനല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ ഇതുവരെ തുടര്‍നടപടി ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ ഫണ്ട് ക്രിന്‍ഫ്രയെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കുടിയൊഴിക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ ലഭിക്കുമെന്ന് അറിയില്ല. പുതുതായി നിരവധി പേര്‍ തങ്ങളുടെ സ്ഥലവും വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടിട്ട് രംഗത്തെത്തിയിട്ടുണ്ട്. ലൈറ്റ് അപ്രോച്ച് സ്ഥാപിക്കാന്‍ കല്ലേരിക്കര പാറാപ്പൊയില്‍ മേഖലയിലെ 11 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് വിമാനത്താവള കമ്പനിയായ കിയാല്‍ തീരുമാനിച്ചത്.
ഇതിനായി 56 വീട്ടുകാരെ ഒഴിപ്പിച്ചു. ഇവര്‍ക്കുള്ള നഷ്ടപരിഹാരം മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ണയിച്ചിരുന്നു.  വീട്ടുകാര്‍ സ്ഥലത്തിന്റെ രേഖകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ക്ക് കൈമാറി  മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ ഇഴയുകയാണ്.
Next Story

RELATED STORIES

Share it