World

വിമാനത്താവളം പിടിച്ചെടുത്തു

സന്‍ആ: പുറത്താക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണച്ച് യമനില്‍ ആക്രമണം നടത്തിവരുന്ന സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന തുറമുഖനഗരമായ ഹൂദൈദയിലെ വിമാനത്താവളം പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഹൂഥി സേനയുടെ കൈപ്പിടിയില്‍നിന്ന് വിമാനത്താവളം മോചിപ്പിച്ചെന്നും കുഴിബോംബുകള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സൗദിയെ പിന്തുണയ്ക്കുന്ന യമന്‍ സൈന്യം അറിയിച്ചു. കനത്ത പോരാട്ടം തുടരുന്ന ഹൂദൈദയുടെ തെക്കന്‍ മുനമ്പിലാണ് ഹൂദൈദ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതേസമയം, വിമാനത്താവളം നഷ്ടപ്പെട്ടത് ഹൂഥി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണങ്ങളില്‍ 30 ഹൂഥി വിമതര്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒമ്പതു പേര്‍ സര്‍ക്കാര്‍ അനുകൂല സൈനികരാണ്. അതേസമയം, ആളുകളോട് നഗരപ്രാന്തത്തില്‍നിന്നു നഗരകേന്ദ്രത്തിലേക്കു മാറാന്‍ വിമതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന ഹൂദൈദയിലെ തുറമുഖം വഴിയാണ് യമനിലേക്കുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയുടെ 70 ശതമാനവും നടക്കുന്നത്. പോരാട്ടം ശക്തമാവുന്നത് രാജ്യത്തെ മാനവിക ദുരന്തത്തിലേക്കു നയിക്കുമെന്ന ആശങ്ക ശക്തമാണ്. യുഎന്‍ രക്ഷാസമിതി ആക്രമണങ്ങളില്‍ കനത്ത ആശങ്ക പ്രകടിപ്പിക്കുകയും ക്ഷാമ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഹൂദൈദയിലെ ആക്രമണം പട്ടിണിസാധ്യത വര്‍ധിപ്പിച്ചതായി വംശഹത്യ തടയുന്നതിനുള്ള യുഎന്‍ പ്രത്യേക ഉപദേശക അദാന ഡിയെങ് പറഞ്ഞു. ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രധാനയിടമാണ് ഹുദൈദ വിമാനത്താവളമെന്നും സഖ്യസേനാ ആക്രമണത്തേക്കാള്‍ കൂടുതല്‍ പേര്‍ പട്ടിണി കൊണ്ട് മരിക്കേണ്ടിവരുമെന്നും ക്ഷാമം സാധാരണക്കാരുടെ നട്ടെല്ലൊടിക്കുമെന്നും ഡിയെങ് പ്രസ്താവനയില്‍ അറിയിച്ചു. പട്ടിണിയിലമര്‍ന്ന 84 ലക്ഷം പേര്‍ ഉള്‍പ്പെടെ യമനില്‍ 2.2 കോടി ജനങ്ങള്‍ക്ക് അടിയന്തര സഹായം ലഭിക്കേണ്ടതുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് കടുത്ത മാനുഷിക ദുരന്തം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനമാണ് യമനുള്ളത്.
Next Story

RELATED STORIES

Share it