wayanad local

വിപ്ലവങ്ങളെ അടിച്ചമര്‍ത്താമെന്നത് ഭരണകൂട വ്യാമോഹം: പ്രഫ. വരലക്ഷ്മി

മാനന്തവാടി: ഉന്നത വിദ്യാഭ്യാസവും നല്ല ജീവിതസാഹചര്യവുമുണ്ടായിട്ടും രാജ്യത്തെ അടിസ്ഥാനവിഭാഗത്തിന്റെ മോചനം സ്വപ്‌നംകണ്ട് പുതിയ സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കാനായി രക്തസാക്ഷികളാവുന്നവരുടെ മരണം വെറുതെയാവില്ലെന്നും വിപ്ലവ രാഷ്ട്രീയത്തെ എന്നെന്നേക്കുമായി അവസാനിപ്പിച്ചെന്ന ഭരണവര്‍ഗത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് മൂന്നു മാവോവാദി രക്തസാക്ഷിത്വമെന്നും പ്രമുഖ എഴുത്തുകാരിയും ആന്ധ്ര വിപ്ലവ രജയ്തലു സംഘം സെക്രട്ടറിയുമായ പ്രഫ. വരലക്ഷ്മി. കനത്ത പോലിസ് നിരീക്ഷണങ്ങള്‍ക്കിടയില്‍ മാനന്തവാടിയില്‍ നടന്ന മാവോവാദി രക്തസാക്ഷി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.രാജ്യത്ത് ഫാഷിസ്റ്റുകള്‍ ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ ആയുധമേന്തി കൊലവിളികള്‍ നടത്തുമ്പോള്‍ വിപ്ലവത്തിന് ഇനിയും സമയമായില്ലെന്നു പറയുന്ന കമ്മ്യൂണിസം വേണമോ സായുധരായിക്കൊണ്ടുള്ള വിപ്ലവം വേണമോ എന്നാണ് ജനങ്ങള്‍ ചിന്തിക്കേണ്ടത്. നിലവിലെ ജനാധിപത്യം വോട്ട് നല്‍കി ഭരണകൂടത്തെ അധികാരത്തിലേറ്റാന്‍ മാത്രം കഴിയുന്നതാണെന്നും എന്നാല്‍, നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്ന ജാനധിപത്യാമാണ് ഉണ്ടാവേണ്ടതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്തുകൊണ്ട് മധ്യമവര്‍ഗം തടിച്ചുകൊഴുക്കുമ്പോള്‍ ആദിവാസികളുള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗം അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുകയാണ്. രക്തസാക്ഷികളുടെ മൃതദേഹം പോലും വാചാലമാകുന്നത് കൊണ്ടാണ് ഭരണകൂടം രക്തസാക്ഷികളുടെ മുതദേഹം പോലും പൊതുജനങ്ങളെ കാണിക്കാന്‍ ഭയപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലത എന്നിവരുടെ രക്തസാക്ഷി അനുസ്മരണമാണ് മാനന്തവാടിയില്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ കുപ്പുദേവരാജിന്റെ ഭാര്യ ഗജേന്ദ്രി, സഹോദരന്‍ ശ്രീധരന്‍ എന്നിവരെ അനുസ്മരണസമിതി ചെയര്‍മാന്‍ എ വാസു, കെ ചാത്തു, തങ്കമ്മ, ലുഖ്മാന്‍ പള്ളിക്കണ്ടി, വി സി ജെന്നി, ഗൗരി എന്നിവര്‍ ഹാരമണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ എ വാസു അധ്യക്ഷത വഹിച്ചു. പോരാട്ടം സംസ്ഥാന ചെയര്‍മാന്‍ എന്‍ രാവുണ്ണി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, പി ജെ മാനുവല്‍, ഷാന്റോലാല്‍, കെ ചാത്തു സംസാരിച്ചു.
Next Story

RELATED STORIES

Share it