Pravasi

വിന്‍സന്റ് വാന്‍ഗോഗ് ചിത്രത്തില്‍ ഡിഎഫ്‌ഐ സാമ്പത്തിക പങ്കാളിത്തം



ദോഹ: പൂര്‍ണമായും പെയ്ന്റിങ് കൊണ്ട് തീര്‍ത്ത ലോകത്തെ ആദ്യ ചലചിത്രമായ ലൗവിങ് വിന്‍സന്റിന്റെ നിര്‍മാണത്തില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പങ്കാളിത്തം വഹിക്കും. ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവചരിത്രം പറയുന്ന സിനിമയാണ് ലൗവിങ് വിന്‍സന്റ്. ഉള്ളടക്കത്തിലും സമീപനത്തിലും ക്രാഫ്റ്റിലും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന ലൗവിങ് വിന്‍സന്റിന്റെ നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍ പേഴ്‌സന്‍ ശെയ്ഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. ചിത്രകലയും സിനിമയും സംയോജിക്കുന്ന ലൗവിങ് വിന്‍സന്റ് എല്ലാ സിനിമാ നിര്‍മാതാക്കള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ഒരു പോലെ പ്രചോദനമേകുമെന്നും അവര്‍ വ്യക്തമാക്കി. വിന്‍സന്റ് വാന്‍ഗോഗിന്റെ പെയിന്റിങുകള്‍ക്ക് ജീവന്‍ നല്‍കിയാണ് സിനിമ അദ്ദേഹത്തിന്റെ കഥ പറയുന്നത്. ഈ വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന ആനിസി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ലൗവിങ് വിന്‍സന്റിന്റെ വേള്‍ഡ് പ്രീമിയര്‍ നടക്കും. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ചിത്രം മല്‍സരിക്കുക. ഡൊറോത്ത കൊബിയേല, ഹഫ് വെല്‍ഷ്മാന്‍ എന്നിവരാണ് ലൗവിങ് വിന്‍സന്റിന്റെ രചനയും സംവിധാനവും നിര്‍മിച്ചത്. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ സ്റ്റുഡിയോകളായ പോളണ്ടിലെ ബ്രേക്ക് ത്രൂ ഫിലിംസ്, ബ്രിട്ടനിലെ ട്രേഡ് മാര്‍ക്ക് ഫിലിംസ് എന്നിവയാണ് നിര്‍മാണം. സിനിമയുടെ 65,000 ഫ്രെയിമുകളും ഓയില്‍ പെയിന്റ് ഉപയോഗിച്ച് കൈകള്‍ കൊണ്ട് വരച്ചതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 125 പ്രമുഖ കലാകാരന്മാര്‍ പോളണ്ടിലെയും ഗ്രീസിലെയും ലൗവിങ് വിന്‍സന്റിന്റെ സ്റ്റുഡിയോയില്‍ എത്തിയാണ് രചന പൂര്‍ത്തിയാക്കിയത്. നടന്‍മാരെ  ഉപയോഗിച്ച് ലൈവ് ആക്ഷന്‍ ചിത്രമായാണ് സിനിമ ആദ്യം ചിത്രീകരിച്ചത്. വാന്‍ഗോഗിന്റെ പെയിന്റിങ് മാതൃകയിലുള്ള സെറ്റിട്ടോ ഗ്രീന്‍ സ്‌ക്രീന്‍ ഇട്ടോ ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ ഷൂട്ടിങിലെ ഫൂട്ടേജുകള്‍ റഫറന്‍സ് ആയി ഉപയോഗിച്ച് പെയിന്റിങ് ആനിമേറ്റര്‍മാര്‍ ചിത്രങ്ങള്‍ തീര്‍ക്കുകയായിരുന്നു. വിന്‍സന്റ് വാന്‍ഗോഗിന്റെ പ്രമുഖ പെയിന്റിങുകളിലെ രംഗം അഭിനയിച്ച നടന്‍മാരുടെ കഥാപാത്രങ്ങളും ആനിമേഷന്‍ കഥാപാത്രങ്ങളും ഒന്നിച്ചു ചേര്‍ന്ന അപൂര്‍വ്വ സൃഷ്ടിയാണ് അന്തിമ ചിത്രം. പുതിയൊരു സങ്കേതം ഉപയോഗിച്ചാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നതിനാല്‍ സാമ്പത്തിക പങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയതായി ഹഫ് വെല്‍ഷ്മാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന് അദ്ദേഹം നന്ദി അറിയിച്ചു. അറിയപ്പെടുന്ന നടീ നടന്‍മാരും ഛായാഗ്രാഹകരും സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it