Second edit

വിന്‍ഡ്‌റഷ് തലമുറ

രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ ബ്രിട്ടന്‍ തകര്‍ന്നുതരിപ്പണമായ നിലയിലായിരുന്നു. രാജ്യം പുതുക്കിപ്പണിയാന്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള യുവജനങ്ങള്‍ വേണം. അതിന് അവര്‍ ഒരു എളുപ്പവഴി കണ്ടെത്തി. ബ്രിട്ടന്റെ കോളനികളില്‍ നിന്ന് മെയ്യധ്വാനം ചെയ്യാന്‍ കഴിവുള്ള കൂട്ടരെ ഇറക്കുമതി ചെയ്യുക. ബ്രിട്ടിഷ് കോളനികളില്‍ നിന്ന് ആയിരക്കണക്കിനു പേരാണ് അങ്ങനെ എത്തിയത്. കാരിബീയന്‍ ദ്വീപുകളില്‍ നിന്നു വന്ന കൂട്ടരാണ് അധികവും. അവരെ വിന്‍ഡ്‌റഷ് തലമുറ എന്നാണു വിളിക്കുന്നത്. അവര്‍ അറ്റ്‌ലാന്റിക് കടന്നെത്തിയത് ആ പേരുള്ള കപ്പലിലായിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലം ഇംഗ്ലണ്ടില്‍ കഴിഞ്ഞ ഈ തലമുറ ഇപ്പോള്‍ വലിയ കുഴപ്പത്തിലാണ്. വാര്‍ധക്യത്തിലെത്തിയ വേളയിലാണ് തങ്ങള്‍ക്ക് ബ്രിട്ടിഷ് പൗരത്വമില്ലെന്ന് അവര്‍ അറിയുന്നത്. ബ്രിട്ടിഷുകാര്‍ക്കുള്ള എല്ലാ അവകാശങ്ങളും നല്‍കുമെന്നു പറഞ്ഞാണ് അവരെ കൊണ്ടുവന്നത്. പക്ഷേ, കാര്യം കഴിഞ്ഞപ്പോള്‍ അവരെ പുറംകാലുകൊണ്ട് തൊഴിക്കാനാണ് അധികൃതര്‍ തയ്യാറായത്.
ആയിരക്കണക്കിനു വരുന്ന കാരിബീയന്‍ കുടിയേറ്റക്കാരുടെ ദുരന്തകഥകള്‍ ഈയിടെ ഒരു അന്വേഷണപരമ്പരയിലൂടെ വെളിയില്‍ കൊണ്ടുവന്നത് ഗാര്‍ഡിയന്‍ പത്രമാണ്. വലിയ കോലാഹലമാണ് വാര്‍ത്ത സൃഷ്ടിച്ചത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സമ്മേളനം നടക്കുന്ന വേളയില്‍ പ്രധാനമന്ത്രി തെരേസാ മേയ് ഈ സമൂഹത്തോട് മാപ്പുപറയേണ്ടിവന്നു. ഭരണകൂടം ചെയ്തത് തെറ്റാണെന്ന് അവര്‍ തുറന്നുപറഞ്ഞു.
Next Story

RELATED STORIES

Share it