kozhikode local

വിനോദ സഞ്ചാര ഭൂപടത്തിലേക്ക് കൂരാച്ചുണ്ട് പഞ്ചായത്തും

കോഴിക്കോട്്: ജില്ലയിലെ മലയോര പഞ്ചായത്തുകളിലെ വിനോദ സഞ്ചാര സാധ്യതകളിലേക്ക് പുതിയ വെളിച്ചം വീണു തുടങ്ങുന്നത് ഈയടുത്ത കാലത്താണ്. നഗരത്തിലെ വിദേശ അധിനിവേശ സ്മാരകങ്ങളും സാമൂതിരി സാമ്രാജ്യത്തിന്റെ മുദ്രകളും കാപ്പാടും ശൈഖിന്റെ പള്ളിയുംപട്ടാളപ്പള്ളിയും ചരിത്ര വിദ്യാര്‍ഥികള്‍ക്ക്  എന്നും കൗതുകകരമാണ്. ഇതില്‍ നിന്നു വിഭിന്നമായി, പ്രകൃതിയുടെ മനോഹരമായ ദൃശ്യവിസ്മയങ്ങള്‍ തേടുന്നവരുടെ വിനോദ യാത്രകളധികവും ചുരം കയറി വയനാട് ജില്ലയിലേക്ക് നീളുന്നതായിരുന്നു. ഇതിനിടയില്‍ കോടഞ്ചേരിയിലെ തുഷാരഗിരിയോ, പുതുപ്പാടിയിലെ കക്കാട് ഇക്കോ ടൂറിസം പദ്ധതിയോ സന്ദര്‍ശിച്ചാലായി അത്ര തന്നെ.
വയലടയിലെ മനം മയക്കുന്ന മലനിരകളും വിശാലമായ ആകാശത്തിന് കീഴിലെ വയല്‍ നിരകളും വിനോദ സഞ്ചാര പ്രിയരെ ആകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ ആയിട്ടുള്ളു. കൂരാച്ചുണ്ട് പഞ്ചായത്തിലെ തോണിക്കടവില്‍ വിവാഹ സംഘം വീഡിയോ ചിത്രികരിച്ച് തുടങ്ങിയത് അടുത്ത കാലത്താണ്. വാതില്‍പ്പുറ ചിത്രീകരണങ്ങള്‍ക്കായി അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ ധാരാളം പേര് ഇപ്പോള്‍ ഇവിടെ വരുന്നുണ്ട്. ഷൂട്ടിംഗിനിടെ  വധൂവരന്‍മാര്‍ക്ക് വസ്ത്രം മാറാനായി മുറികള്‍ വാടകക്ക് നല്‍കി നാട്ടുകാരും പുതിയ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിരിക്കുന്നു.
കോഴിക്കോട് എംപി എം കെ രാഘവന്‍ ദത്തെടുത്ത കൂരാച്ചുണ്ട് പഞ്ചായത്ത് ഈ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനുള്ള ആലോചനകള്‍ ആരംഭിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉയരം കൂടിയ  മനോഹരമായ കുന്നിന്‍പുറങ്ങളും കുറ്റിയാടി പുഴയും കക്കയം ഡാമും ഉള്‍ക്കൊള്ളുന്ന ഈ പഞ്ചായത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ അത്രയേറെ വിപുലമാണ്. സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരം കി.മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര സാധ്യതകള്‍ ഏറെയുള്ള പ്രദേശമാണ് നമ്പികുളം. യാത്രാ സൗകര്യങ്ങളുടെയും മറ്റും പരിമിതികളാല്‍ ഈ പ്രദേശത്തിന്റെ  സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രാ സൗകര്യം കുറഞ്ഞത് കൊണ്ട് തന്നെ സഞ്ചാരികള്‍ ഇങ്ങോട്ടു വരാന്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിരുന്നില്ല.
നമ്പികുളത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ 2017 ലാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിക്കുന്നത്. ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ നാല് പഞ്ചായത്ത് സമിതികള്‍ അടങ്ങിയ ഒരു സമിതി ഇതിനായി രൂപീകരിച്ചു കഴിഞ്ഞു.
കുന്നിന്‍ പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യം ആസ്വദിക്കാനായി വാച്ച് ടവര്‍, വിശ്രമത്തിനും ഭക്ഷണത്തിനുമായി കഫറ്റീരിയ, മലമുകളിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ റെയിന്‍ ഷെല്‍ട്ടര്‍, വാഹനങ്ങള്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യം, സുഗമമായ സഞ്ചാരത്തിനായി പുതിയ റോഡുകള്‍ എന്നീ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കായി ഹോം സ്റ്റേ ആരംഭിക്കാന്‍ പ്രദേശവാസികളും മുന്നോട്ട് വന്നിട്ടുണ്ട്.
വിനോദ സഞ്ചാര സീസണില്‍ കക്കയം ഡാം സൈറ്റും റിസര്‍വോയറും കാണാനെത്തുന്ന സഞ്ചാരികളുടെ ബാഹുല്യമാണിവിടെ. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് സ്പീഡ് ബോട്ടിംഗ് നടത്താനും സൗകര്യമുണ്ട് വാട്ടര്‍ ബലൂണും വെര്‍ച്വല് റിയാലിറ്റി ഷോകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അണക്കെട്ടിലെ പവര്‍ഹൗസും ജല വൈദ്യുത പദ്ധതി നടത്തിപ്പും കണ്ടു പഠിക്കാനായി വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തുന്നുണ്ട് .മുളങ്കാടുകള്‍ക്കിടയിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള ബാംബൂ പാര്‍ക്ക് കൂടി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പഞ്ചായത്ത്. ഫോട്ടോ ഷൂട്ടിനും സിനിമാ ചിത്രീകരണങ്ങള്‍ക്കും അനുയോജ്യമായ കരിയാത്തും പാറയും സദാ ശക്തമായ കാറ്റു വീശിക്കൊണ്ടിരിക്കുന്ന കാറ്റുള്ള മലയും ആളുകള്‍ക്ക് പ്രിയങ്കരമാണ്. ഇവിടെയാണ് വയര്‍ലെസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ ദൃശ്യം മുകളില്‍ നിന്ന് കാണാനാവുന്ന മുള്ളന്‍പാറയും കാഴ്ചക്കാരെ ആകര്‍ഷിക്കും.
തോണിക്കടവില്‍ നടക്കുന്ന പുതിയ പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ അവഗണിക്കാനാവാത്ത ഒരിടമായി കൂരാച്ചുണ്ട് പഞ്ചായത്ത് മാറും. ഇതിനായി ഗ്രാമീണ പ്രദേശങ്ങളുടെ സാധ്യകള്‍ വികസിപ്പിക്കുന്നതിലൂടെ മാതൃകാഗ്രാമമായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയിലേക്ക് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് പഞ്ചായത്ത്.
Next Story

RELATED STORIES

Share it