വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം സജ്ജമായെന്ന് മന്ത്രി

ന്യൂഡല്‍ഹി: പ്രളയത്തെ കേരളം അതിജീവിച്ചതായും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം സജ്ജമായതായും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയിലെ ഫോറിന്‍ കറസ്‌പോണ്ടന്റ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയം കേരളത്തെ ഞെട്ടിച്ചെങ്കിലും അതു താല്‍ക്കാലികമായിരുന്നു. അത്യാഹിതം തരണം ചെയ്തു തിരിച്ചുവരാന്‍ ടൂറിസം മേഖല കരുത്തും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചു. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണു നടക്കുന്നത്. റോഡ് ഗതാഗതം പുനസ്ഥാപിച്ചു. വിമാന സര്‍വീസ് പഴയപടിയായി. ഹോട്ടലുകളും റിസോര്‍ട്ടുകളും പൂര്‍വസ്ഥിതിയിലായി.
രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ വിശ്വാസം വീണ്ടെടുക്കും. കേരളത്തിലെ ടൂറിസം മേഖല സാധാരണനില കൈവരിച്ചതായി സഞ്ചാരികളെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇതിനായി എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ടൂറിസം റെഡിനെസ് സര്‍വേ നടത്തി. വിരലിലെണ്ണാവുന്ന റിസോര്‍ട്ടുകള്‍ മാത്രമേ പ്രവര്‍ത്തനസജ്ജമാവാനുള്ളൂ. ഇതു സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍മപരിപാടി തയ്യാറാക്കി. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ടൂറിസം മേള കേരള ട്രാവല്‍ മാ ര്‍ട്ട് സപ്തംബര്‍ 27നു തുടങ്ങും. മേള മുന്‍വര്‍ഷത്തേക്കാള്‍ നന്നായി നടത്തും. 66 രാജ്യങ്ങളില്‍ നിന്നായി 545 ബയര്‍മാരും ഇന്ത്യയില്‍ നിന്ന് 1090 ബയര്‍മാരും മേളയ്ക്കായി കൊച്ചിയിലെത്തും. കൊച്ചി മുസിരിസ് ബിനാലെ നാലാംലക്കം ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ നടക്കും. ജലാശയങ്ങള്‍ സുരക്ഷിതമാണെന്നു സാക്ഷ്യപ്പെടുത്താന്‍ ചാംപ്യന്‍ ബോട്ട് ലീഗ് നടത്താനും ആലോചനയുണ്ട്.
ട്രാവല്‍ എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പ്രത്യേക ടൂര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും റോഡ്‌ഷോകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിരണ്‍ തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it