വിധി നടപ്പാക്കല്‍ സിവില്‍, ജുഡീഷ്യല്‍ അധികാരികളുടെ ചുമതല

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള ഹിന്ദു സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധി നടപ്പാക്കല്‍ രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളുടെയും ചുമതലയാണെന്ന് ഹൈക്കോടതി. വിധിയോട് വിയോജിപ്പുള്ളവര്‍ക്ക് സുപ്രിംകോടതിയെ തന്നെ സമീപിക്കാമെന്നും ശബരിമലയില്‍ മതിയായ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയും ഒരുക്കാതെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സുപ്രിംകോടതി വിധി പോലിസിനെ ഉപയോഗിച്ച് ധൃതിയില്‍ നടപ്പാക്കരുതെന്നാണ് തൃശൂരിലെ സാമൂഹിക പ്രവര്‍ത്തകനായ പി ഡി ജോസഫ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആയിരക്കണക്കിന് പോലിസിനെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷങ്ങള്‍ക്കു കാരണമായി. സര്‍ക്കാരിന്റെ ഈ നടപടി ശരിയല്ല. ഭക്തരുടെ സഹകരണവും പങ്കാളിത്തവുമില്ലാതെ വിധി നടപ്പാക്കുന്നത് ശരിയല്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.
ശബരിമലയില്‍ മതിയായ അടിസ്ഥാനസൗകര്യങ്ങളില്ലെങ്കില്‍ അത് സ്ത്രീകളെ മാത്രമല്ല ബാധിക്കുകയെന്ന് വാദത്തിനിടെ കോടതി പറഞ്ഞു. അത് എല്ലാ തീര്‍ത്ഥാടകരെയും ബാധിക്കും. പിന്നെ എന്തിനാണ് സ്ത്രീകളെക്കുറിച്ച് മാത്രം പറയുന്നതെന്നും കോടതി ചോദിച്ചു. ഭക്തരല്ലാത്ത ഇതരസമുദായത്തില്‍പ്പെട്ടവരും ശബരിമലയില്‍ എത്തിയതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇവരെ പോലിസ് ബലംപ്രയോഗിച്ച് അകത്തുകടത്തുകയാണുണ്ടായത്. ഇങ്ങനെ ചെയ്യരുതെന്നും ഹരജിക്കാരന്‍ വാദിച്ചു.
മല ചവിട്ടാന്‍ താല്‍പര്യമില്ലാത്തവരെ പോലിസ് മലയിലേക്ക് കൊണ്ടുപോയോ എന്ന് കോടതി ചോദിച്ചു. മല കയറണമെന്നു പറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കുക മാത്രമാണ് ചെയ്തത്. സുപ്രിംകോടതി വിധി പാലിക്കല്‍ രാജ്യത്തെ എല്ലാ അധികൃതരുടെയും ചുമതലയാണെന്നാണ് അനുഛേദം 144 പറയുന്നത്. ഹരജിക്കാരനു വേണമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹരജി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it