Kollam Local

വിധവയുടെ തിരിച്ചറിയല്‍ രേഖ വച്ച് വായ്പാ തട്ടിപ്പ്; അന്വേഷണം പുരോഗമിക്കുന്നു

കാവനാട്: വിധവയായ തയ്യല്‍തൊഴിലാളിയുടെ തിരിച്ചറിയല്‍ രേഖയും വ്യാജ ഒപ്പും ഉപയോഗിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയും മകളും 9.5 ലക്ഷത്തിന്റെ ബാങ്ക് വായ്പ തട്ടിയെടുത്ത സംഭവത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുന്നു. തട്ടിപ്പിനിരയായ കാവനാട് കുരീപ്പുഴചേരി ശ്രീനഗര്‍ 52, കൊരട്ടവിള വീട്ടില്‍ ആമിന മോഹനന്റെ പരാതിയില്‍ സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ ശക്തികുളങ്ങര ശാഖാ മാനേജരടക്കം ആറ് പേരെ പ്രതിയാക്കിയാണ് ശക്തികുളങ്ങര പോലിസിന്റെ എഫ്‌ഐആര്‍.നഗരാതിര്‍ത്തിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകള്‍, ഭാര്യാ സഹോദരി, ഭാര്യാമാതാവ്, ആമിന, മറ്റ് രണ്ട് പേര്‍ എന്നിവരടങ്ങുന്ന സംഘത്തിന് വിപഞ്ചിക കാഷ്യു യൂനിറ്റ് തുടങ്ങാനെന്ന പേരില്‍ മൂന്നര വര്‍ഷം മുന്‍പാണ് 9.5 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചത്. വായ്പയുടെ കാലാവധി കഴിഞ്ഞെന്നും പണം തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ ശക്തികുളങ്ങര ശാഖയില്‍ നിന്ന് ആമിനയെവിളിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.ആമിന ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ വായ്ക്ക് വേണ്ടിയുള്ള തിരിച്ചറിയല്‍ രേഖകളെല്ലാം ശരിയാണെങ്കിലും ഒപ്പ് വ്യാജമെന്ന് ബോദ്ധ്യമായി. തുടര്‍ന്നാണ് പോലിസിനെ സമീപിച്ചത്.ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യ നഗരസഭയിലെ കുടുംബശ്രീ ഭാരവാഹിയാണ്. തയ്യല്‍ തൊഴിലാളികള്‍ക്കുള്ള വ്യക്തിഗത വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 2014 ല്‍ ഇവര്‍ ആമിനയില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയിരുന്നു. ഒരു ലക്ഷം രൂപയുടെ വായ്പ എടുത്താല്‍ സര്‍ക്കാര്‍ സബ്‌സിഡി കഴിഞ്ഞ് 70,000 രൂപ അടച്ചാല്‍ മതിയെന്നായിരുന്നു വാഗ്ദാനം. പിന്നീട് ലോണ്‍ ലഭിക്കില്ലെന്നായപ്പോള്‍ ആമിന തിരിച്ചറിയല്‍ രേഖകള്‍ തിരികെ വാങ്ങിയെങ്കിലും അതിന്റെ പകര്‍പ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കെഎസ്എഫ്ഇ ജീവനക്കാരിയാണ് ലോക്കല്‍ സെക്രട്ടറിയുടെ മകള്‍. കേസ് ഒത്തു തീര്‍പ്പാക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതായി ആമിന പറഞ്ഞു.
Next Story

RELATED STORIES

Share it