വിദ്യാലയങ്ങളിലെ അക്രമങ്ങള്‍ക്ക് കാരണം വര്‍ഗീയസംഘടനകള്‍ മാത്രമല്ല

കൊച്ചി: വര്‍ഗീയസംഘടനകള്‍ മാത്രമാണ് കേരളത്തിലെ വിദ്യാലയങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം എന്ന അഭിപ്രായം തനിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയസംഘടനകള്‍ കടന്നുവന്ന് സംഘര്‍ഷം തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളു.
അതിനു മുമ്പും സംഘര്‍ഷങ്ങള്‍ ഉണ്ട്. കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥിസംഘടന മാത്രം മതിയെന്ന നിലപാട് കൂടുതല്‍ കോളജുകളില്‍ സ്വീകരിക്കുന്നത് എസ്എഫ്‌ഐ ആണ്. ചുരുക്കം കോളജുകളില്‍ എബിവിപിയും.
പ്രധാനമായും താന്‍ മനസ്സിലാക്കിയത് കേരളമൊട്ടാകെയുള്ള അക്രമങ്ങളില്‍ എസ്എഫ്‌ഐ തന്നെയാണ് ഒന്നാംപ്രതി. രണ്ടാമത് എബിവിപിയാണ്. എസ്എഫ്‌ഐക്കും എബിവിപിക്കും മേധാവിത്വമുള്ള കോളജുകളില്‍ മറ്റൊരു വിദ്യാര്‍ഥിസംഘടനയെയും അവര്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാറില്ല.
തന്റെ കലാലയമായ മഹാരാജാസ് കോളജില്‍ അഭിമന്യു എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം വളരെയേറെ ഞെട്ടല്‍ ഉളവാക്കി. സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും മഹാരാജാസില്‍ ആദ്യമായിട്ടാണ് കൊലപാതകം നടന്നത്.
അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും എ കെ ആന്റണി പറഞ്ഞു.
അതേസമയം, യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ആന്റണി പറഞ്ഞു.
സമീപകാല സംഭവങ്ങള്‍ കാണുമ്പോള്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാവാനിടയുണ്ടെന്നാണു ബോധ്യമാവുന്നത്. അത്തരം ശ്രമങ്ങള്‍ വിജയിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയും ഡിജിപിയും പ്രത്യേകമായി ശ്രദ്ധചെലുത്തണമെന്നും എ കെ ആന്റണി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കാണ് താന്‍ പൂര്‍ണ പിന്തുണ നല്‍കുന്നതെന്നും എ കെ ആന്റണി പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളായി കോണ്‍ഗ്രസ്സില്‍ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവരുകയാണ്.
വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി ആത്മാര്‍ഥമായി ശ്രമിക്കുമെന്നും ചോദ്യത്തിനു മറുപടിയായി എ കെ ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it