Middlepiece

വിദ്യാര്‍ഥി മര്‍ദനം : മുഖ്യമന്ത്രി വേണ്ടതു ചെയ്തു!

വിദ്യാര്‍ഥി മര്‍ദനം : മുഖ്യമന്ത്രി വേണ്ടതു ചെയ്തു!
X


പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള താഴെത്തട്ടിലെ ജനങ്ങളുടെ വോട്ട് നേടിയാണു സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നത്. പ്രകടനപത്രികയില്‍ തന്നെ നിരവധി വാഗ്ദാനങ്ങള്‍ ഈ വിഭാഗങ്ങള്‍ക്കു വേണ്ടി നിരത്തിവച്ചിട്ടുണ്ട്. സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം പല ഭാഗങ്ങളിലും ദലിതര്‍ക്കെതിരായി പോലിസ് മര്‍ദനങ്ങളും മറ്റും നടക്കുന്നു. ശക്തമായ പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഭാഗക്കാരെ സംരക്ഷിക്കാനും, അവര്‍ക്കു നേരെ ഉണ്ടാവുന്ന ഭീഷണികള്‍ക്കും മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരേയും ഫലപ്രദമായ സത്വര നടപടികള്‍ ഉണ്ടാവുന്നില്ലെന്നത് എപ്പോഴും കേള്‍ക്കുന്ന പരാതികളാണ്. പട്ടികജാതി-വര്‍ഗക്കാര്‍ക്കായുള്ള വകുപ്പ് ഉണ്ടായിട്ടും അതിനൊരു മന്ത്രി ഉണ്ടായിട്ടും കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കാത്ത സ്ഥിതിയാണ്. ഉദാഹരണം കോഴിക്കോട് നഗരമധ്യത്തില്‍ നടക്കാവ് എന്ന പ്രദേശത്തു നടന്നു. അസമയത്ത് പോലിസ് യൂനിഫോമില്‍ എത്തിയ ഒരു സബ് ഇന്‍സ്‌പെക്ടര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പട്ടികജാതിയില്‍ പെട്ട പ്രായപൂര്‍ത്തിയാവാത്ത ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. തൊട്ടടുത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയെ കാണാന്‍ രാത്രി എത്തിയതായിരുന്നു സബ് ഇന്‍സ്‌പെക്ടര്‍. തന്റെ വീടിനു മുമ്പില്‍ അസമയത്ത് ഒരു കാക്കിധാരിയെ സംശയാസ്പദമായ നിലയില്‍ കണ്ടപ്പോള്‍ വീട്ടുടമസ്ഥന്‍ ആരാണെന്ന് അറിയാതെ ചോദിച്ചുപോയി! ഇതിനു കിട്ടിയ മറുപടിയാവട്ടെ, ബഹുവിശേഷമായിരുന്നു. തലമുറകളായി അവിടെ താമസിക്കുന്ന വീട്ടുകാരനെ തെറികൊണ്ട് അഭിഷേകം ചെയ്തു. പോരാത്തതിനു ജാതിപ്പേരു വിളിച്ച് ഭീഷണിപ്പെടുത്തി. ഉറഞ്ഞുതുള്ളുന്ന എസ്‌ഐയോട് മറുത്ത് സംസാരിക്കാനുള്ള തന്റേടം ദരിദ്രനും കൂലിവേലക്കാരനും താഴ്ന്നജാതിക്കാരനുമായ വീട്ടുടമസ്ഥന് ഉണ്ടായിരുന്നില്ല. വീട്ടിലെ കോലായില്‍ പഠിച്ചുകൊണ്ടിരുന്ന മകന്‍ ഇതുകേട്ട് സഹികെട്ടു. എന്റെ അച്ഛനെ എന്തിനാണു ചീത്തപറയുന്നതെന്നു മകന്‍ വിനയത്തില്‍ അങ്ങോട്ട് ചെന്നു ചോദിച്ചു. ഇതുകേട്ടമാത്രയില്‍ എസ്‌ഐ വീട്ടിലേക്കു കയറി വിദ്യാര്‍ഥിയെ കടന്നുപിടിച്ച് രക്ഷിതാക്കളുടെ മുമ്പിലിട്ട് ഭീകരമായി മര്‍ദിച്ചു. പരിക്കേറ്റു നിലത്തു വീണുകിടന്ന വിദ്യാര്‍ഥിയെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോവാനുള്ള ശ്രമം പക്ഷേ, നടന്നില്ല. പെറ്റമ്മ ജീപ്പിന്റെ മുമ്പില്‍ മലര്‍ന്നുകിടന്നു. രാത്രി പത്തരമണിയായതിനാല്‍ അവിടെ ആ സമയത്ത് അധികമാളുകള്‍ ഉണ്ടായിരുന്നില്ല. ശബ്ദകോലാഹലം കേട്ട് അയല്‍വാസികളെല്ലാം സംഘടിച്ചു വരുമ്പോഴേക്കും എസ്‌ഐ സംഭവസ്ഥലത്തു നിന്നു തടിതപ്പി. വിദ്യാര്‍ഥിയെ ഉടനെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം പോലിസ് വിദ്യാര്‍ഥിയുടെ മൊഴിയെടുത്തെങ്കിലും താന്‍ പട്ടികജാതിയില്‍പ്പെട്ട ചെറുമ സമുദായക്കാരനാണെന്നു പറഞ്ഞത് മൊഴിയില്‍ രേഖപ്പെടുത്തിയില്ല. വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതും മറച്ചുവച്ചു. എഫ്‌ഐആര്‍ പരിശോധിച്ചപ്പോള്‍ എസ്‌ഐ കൈകൊണ്ട് അടിച്ചു എന്ന ജാമ്യം ലഭിക്കുന്ന ഐപിസി 323 വകുപ്പ് മാത്രമേ ചുമത്തിയിട്ടുള്ളു. വിദ്യാര്‍ഥി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും പട്ടികജാതിക്കാരനായതിനാല്‍ ഈ വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള അതിക്രമ ആക്റ്റും ഇതില്‍ ചുമത്തിയില്ല. രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. വാസ്തവത്തില്‍ തിടുക്കപ്പെട്ട് പോലിസ് അധികാരികള്‍ മര്‍ദിച്ച എസ്‌ഐയെ രക്ഷപ്പെടുത്തുകയായിരുന്നു. മര്‍ദകനുവേണ്ടി സേന ഒറ്റക്കെട്ടായി. മര്‍ദകനായ പോലിസ് ഉദ്യോഗസ്ഥനെതിരേ ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, ഇയാള്‍ക്ക് അനുകൂലമായ കള്ളസാക്ഷിമൊഴികള്‍ പോലിസ് സംഘടിപ്പിച്ചുകൊണ്ടിരുന്നു. നാട്ടുകാര്‍ ഭീമഹരജി തയ്യാറാക്കി മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കൊടുത്തു. തദവസരത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ അമ്മ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണെന്ന വിവരവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഭീമഹരജി പൂര്‍ണമായി വായിച്ചശേഷം മുഖ്യമന്ത്രി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോടു പറഞ്ഞു, വേണ്ടതു ചെയ്യും. അതിനടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലിസ് വേണ്ടതു ചെയ്തു! നിരാഹാരം കിടക്കുന്ന വിദ്യാര്‍ഥിയുടെ അമ്മയെ രാത്രി സമരപ്പന്തലിലെത്തി ബലമായി പിടിച്ചുകൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടിലിലുണ്ടായിരുന്ന ഭര്‍ത്താവിനെയും മകനെയും മര്‍ദിച്ചവശരാക്കി. സമരപ്പന്തല്‍ തല്ലിത്തകര്‍ത്തു. മുഖ്യമന്ത്രി ഇത്ര വേഗത്തില്‍ വേണ്ടതു ചെയ്യുമെന്ന് ആരും ധരിച്ചില്ലായിരുന്നു. പട്ടികജാതിക്കാരാവുമ്പോള്‍ പറഞ്ഞ വാക്ക് വേഗത്തില്‍ പാലിക്കണമല്ലോ?
Next Story

RELATED STORIES

Share it