വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂള്‍ അധികൃതരുടെ പീഡനം മൂലമെന്ന് ബന്ധുക്കള്‍

കൊടുങ്ങൂര്‍ (കോട്ടയം): ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിക്കാന്‍ കാരണം അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും മാനസികപീഡനം മൂലമെന്ന് ബന്ധുക്കള്‍. പാമ്പാടിയിലെ ക്രോസ് റോഡ്‌സ് എന്ന സ്വകാര്യസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി വാഴൂര്‍ 14ാം മൈല്‍ പൊടിപ്പാറയില്‍ ഈപ്പന്‍ വര്‍ഗീസ്- ബിന്ദു ദമ്പതികളുടെ ഏക മകന്‍ ബിന്റോ (14) യെ ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പഠനത്തില്‍ പിന്നാക്കമായിരുന്ന ബിന്റോയോട് ടി സി വാങ്ങി പോവാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നുള്ള മാനസികവിഷമത്തിലായിരുന്നു ബിന്റോയെന്ന് ബന്ധുക്കള്‍ പള്ളിക്കത്തോട് പോലിസില്‍ മൊഴി നല്‍കി. 10ാം ക്ലാസില്‍ നൂറുശതമാനം വിജയം ഉറപ്പിക്കാനായി ബിന്റോ അടക്കമുള്ള ഏതാനും വിദ്യാര്‍ഥികളോട് സ്‌കൂള്‍ അധികൃതര്‍ ടിസി വാങ്ങി പോവാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി പറയുന്നു. പള്ളിക്കത്തോട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, വിദ്യാര്‍ഥിയോട് ടിസി വാങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികരണം. പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ട് 4ന് നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിച്ചു.
കുട്ടിയുടെ മരണം സ്‌കൂള്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണെന്നാരോപിച്ച് എസ്എഫ്‌ഐ മാര്‍ച്ച് നടത്തുകയും സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം അരുണ്‍, സെക്രട്ടറി റിജീഷ് കെ ബാബു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it