വിദ്യാര്‍ഥിനി വീട്ടുതടങ്കലില്‍; ഡിവൈഎസ്പി അനേ്വഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ഗവ. ലോ കോളജില്‍ പഠിക്കുന്ന അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയെ വീട്ടുതടങ്കലിലാക്കിയെന്ന പരാതി ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അനേ്വഷിച്ച് റിപോര്‍ട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
സഹപാഠിയായ വിദ്യാര്‍ഥിനി രഹസ്യമായി കമ്മീഷന് അയച്ച പരാതിയിലാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
പെരുമ്പാവൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് വീട്ടുതടങ്കലിലാക്കിയത്. വിദ്യാര്‍ഥിനി കഴിഞ്ഞ കുറെ ദിവസങ്ങളായി ക്ലാസില്‍ വന്നിരുന്നില്ല. സഹപാഠികള്‍ നടത്തിയ അനേ്വഷണത്തില്‍ വിദ്യാര്‍ഥിനിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നറിഞ്ഞു.  വിദ്യാര്‍ഥിനി ക്ഷീണിതയാണെന്ന് പരാതിയില്‍ പറയുന്നു. വിദ്യാഥിനിക്ക് പഠിക്കാനാണ് താല്‍പര്യം. മാര്‍ച്ച് 31ന് സെമസ്റ്റര്‍ അവസാനിക്കും. ക്ലാസില്‍ വന്നില്ലെങ്കില്‍ പരീക്ഷ എഴുതാനാവില്ല. കുട്ടിയെ രക്ഷകര്‍ത്താക്കളാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പഠിത്തം മതിയാക്കി വിവാഹം കഴിപ്പിക്കുന്നതിനു വേണ്ടിയാണത്രേ  ഇത്. പരാതിക്കാരിയുടെ പേരില്ലെങ്കിലും പരാതി സംഗതി അതീവ ഗൗരവകരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
എറണാകുളം ജില്ലാ റൂറല്‍ പോലിസ് മേധാവി സംഭവം ഗൗരവമായി കണക്കിലെടുത്ത് സത്യസന്ധമായ രീതിയില്‍ അനേ്വഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് ഏപ്രില്‍ 16ന് എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it