kozhikode local

വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; പോലിസ് ജീപ്പ് കുറുകെയിട്ട് ബസ് തടഞ്ഞു

പയ്യോളി:  വിദ്യാര്‍ഥിനിയെ അര്‍ധരാത്രിയില്‍ പയ്യോളിയില്‍ ഇറക്കാതെ കെഎസ് ആര്‍ടിസി ബസ് യാത്ര തുടര്‍ന്നു. ഒടുവില്‍ ഇരുപത് കിലോമീറ്റര്‍ അകലെ ഹൈവേ പോലീസ് ദേശീയപാതക്ക് കുറുകെ വാഹനമിട്ട് ബസ് തടഞ്ഞ് വിദ്യാര്‍ഥിനിയെ ഇറക്കി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടരക്ക് പാലയിലെ എന്‍ട്രന്‍സ് കോച്ചിംങ് സ്ഥാപനത്തില്‍ നിന്ന് പയ്യോളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആര്‍ടിസി ‘മിന്നലില്‍ ‘ കയറിയതായിരുന്നു വിദ്യാര്‍ഥിനി.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസര്‍ഗോഡ് വരെയുണ്ടെന്നു മനസ്സിലായതിനെ തുടര്‍ന്ന് കോഴിക്കോട് കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് നൂറ്റിപതിനൊന്ന് രൂപ നല്‍കി ടിക്കറ്റ് വാങ്ങി. പയ്യോളിയില്‍ കാത്ത് നില്‍ക്കുകയായിരുന്ന പിതാവിനോട് സ്റ്റോപ്പ് സംബന്ധിച്ച അവ്യക്തത വിദ്യാര്‍ഥിനി മൊബൈല്‍ വഴി ധരിപ്പിച്ചു.
ഇദ്ദേഹം ഉടന്‍ പയ്യോളി പോലീസുമായി ബന്ധപ്പെട്ടു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും പിതാവും ചേര്‍ന്ന് പയ്യോളിയില്‍ പുലര്‍ച്ചെ രണ്ടിന്് ബസ്സിന് കൈകാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പോയി. ഉടന്‍ തന്നെ പയ്യോളി പോലീസ് മൂരാട് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലീസിനോട് ബസ് തടയാന്‍ ആവശ്യപ്പെട്ടെങ്കിലും അവിടെയും ബസ് നിര്‍ത്തിയില്ല. ശേഷം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് ചോമ്പാല പോലീസ് കുഞ്ഞിപ്പള്ളിയില്‍ വെച്ച് ദേശീയപാതയില്‍ പോലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു.
ബസിന് പുറകെ പോയ രക്ഷിതാവ് കുഞ്ഞിപ്പള്ളിയില്‍ എത്തുമ്പോഴേക്കും ബസ് വിദ്യാര്‍ഥിനിയെ ഇറക്കി പോവുകയും ചെയ്തു. സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ രാത്രി പത്ത് കഴിഞ്ഞാല്‍ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ളവ ഏത് സ്ഥലത്തും നിര്‍ത്തണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസിനും കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് പിതാവ് അബ്ദുള്‍ അസീസ് പറഞ്ഞു. സഞ്ചരിക്കുന്ന റൂട്ടുകളില്‍ വളരെ കുറഞ്ഞ സ്റ്റോപ്പുകള്‍ മാത്രമുള്ള അതിവേഗ ബസാണ് കെഎസ്ആര്‍ടിസി മിന്നല്‍. അതിവേഗതയും കുറഞ്ഞ സ്റ്റോപ്പുകളമാണ് മിന്നലിന്റെ പ്രധാന ആകര്‍ഷണം. അതിവേഗം ലക്ഷ്യസ്ഥാനത്ത്്്്്് എത്തേണ്ട യാത്രക്കാരാണ് താരതമ്യേന ഉയര്‍ന്ന ചാര്‍ജ്ജ്്്് ഈടാക്കുന്ന മിന്നലില്‍ യാത്രചെയ്യാറുള്ളത്്.
Next Story

RELATED STORIES

Share it