Kollam Local

വിദ്യാര്‍ഥിനിയുടെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

പത്തനാപുരം:വെട്ടിത്തിട്ടയില്‍ വീടിനുള്ളില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി(16)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാറി(40)നെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ആദ്യം ചീവോടുള്ള പ്രതിയുടെ വീട്ടിലാണ് എത്തിച്ചത്. ഇയാളുടെ മുറിയില്‍നിന്നും സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുത്തു. അയല്‍വക്കത്തെ പുരയിടത്തോട് ചേര്‍ന്ന തിട്ടയിലെ കുറ്റിക്കാട്ടില്‍ റിന്‍സിയുടെ മാല സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഇവിടെ പതിനഞ്ച് മിനിട്ടോളം തിരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. തുടര്‍ന്ന് കഴുത്തില്‍ മുറുക്കികൊല്ലാന്‍ ഉപയോഗിച്ച കയര്‍ തൊഴുത്തില്‍ പരിശോധിച്ചെങ്കിലും അതും കണ്ടെത്താനായില്ല. തുടര്‍ന്ന് റിന്‍സിയുടെ വീട്ടിലേക്ക് ഇയാള്‍ പോയ വഴിയേ പോലിസ് ഇയാളെയും കൂട്ടിപോയി. വീടിന്റെ പിറക് വശത്തുള്ള റബര്‍തോട്ടത്തിലൂടെ വെട്ടിത്തിട്ടയിലുള്ള റിന്‍സിയുടെ വീട്ടിലെത്തിച്ചു. റിന്‍സി കിടന്നിരുന്ന മുറിയുടെ നാല് പാളിയുള്ള വാതിലിലെ അടിവശത്തുള്ള പാളി തുറന്ന് അകത്ത് കയറിയ ഇയാള്‍ കൃത്യം നടത്തിയ രീതിയും പോലിസിന് കാട്ടിക്കൊടുത്തു. തുടര്‍ന്ന് വീടിന് മുന്നിലേക്കെത്തിച്ച ഇയാളെ അക്രമാസക്തരായ പ്രദേശവാസികളില്‍ ചിലര്‍ കൈയേറ്റം ചെയ്തു.
ഇതോടെ പോലിസ് ഇയാളെ രക്ഷപ്പെടുത്തി ഇവിടെ നിന്നും പോയി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് സി ഐ ജോണ്‍സണ്‍ നാട്ടുകാരുമായി സംസാരിക്കുകയും സഹകരണം ആവശ്യപ്പെടുകയും ചെയ്തതിനെതുടര്‍ന്ന് നാട്ടുകാര്‍ സംയമനം പാലിക്കാമെന്ന ഉറപ്പിന്‍മേല്‍ അരമണിക്കൂറിന് ശേഷം വീണ്ടും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു.
റിന്‍സിയെ  കഴിഞ്ഞ വര്‍ഷം ജൂലൈ 29നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതല്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ കയറോ മറ്റ് വസ്തുക്കളോ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പോലിസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോര്‍ത്ത് രക്ഷിതാക്കള്‍ തന്നെ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു എന്ന സംശയവും ഉണ്ടായി. ഇതേ തുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും,അയല്‍ക്കാരെയും പോലിസ് നിരവധി തവണ ചോദ്യം ചെയ്തു. പോലിസ് സര്‍ജന്റെയും മന ശാസ്ത്ര വിദഗ്ധന്റെയും സാന്നിധ്യത്തിലുള്‍പ്പടെ പത്തിലധികം തവണയാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.
ഇതിനിടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it