kozhikode local

വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം മറുപടി പറയണം: കോളജിലേക്ക് നാളെ യുഡിഎഫ് മാര്‍ച്ച്‌

വടകര: മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്ത്രീത്വത്തിന് വേണ്ടി വാദുക്കുന്നവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പൊതുനിരത്തില്‍ അക്രമിച്ച സംഭവമാണ് മടപ്പള്ളിയില്‍ നടന്നിട്ടുള്ളത്. ഇത്രയും ഗൗരവമേറിയ സംഭവം നടന്നിട്ടും പാര്‍ട്ടി മൗനം പാലിക്കുകയാണ്. അത് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും, കോളജില്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നാളെ കോളജിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
കോളജ് യൂനിയന്‍ ഓഫീസ് മാരകായുധങ്ങളുടെ ശേഖരമായി മാറ്റിയതായും, താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിമിനലുകള്‍ രാത്രികാലങ്ങളില്‍ കോളജ് കേന്ദ്രീകരിച്ച് താവളമടിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റിട്ടും തങ്ങള്‍ ഒന്നും അറിയില്ലെന്ന മറുപടിയാണ് പ്രിന്‍സിപ്പാളില്‍ നിന്നും ലഭിച്ചത്. പ്രിന്‍സിപ്പാളും ഇടത് അനുകൂല അധ്യാപകരും ചോമ്പാല പോലീസും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐക്കെതിരെ ശക്തമായ പ്രചാരണവും മത്സരവും നടത്തിയതിനാലാണ് നിരന്തരം അക്രമം അഴിച്ചുവിടുന്നത്.
എസ്എഫ്‌ഐ ഇതര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു കാരണവുമില്ലാതെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നത് ഇത് നാലാം തവണയാണ്. കോളജിന് പുറത്ത് പൊതുറോഡില്‍ വച്ച് പെണ്‍കുട്ടികളെ അക്രമിക്കുന്നത് കണ്ട പരിസരത്തെ വ്യാപാരിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ മനോഹരന്‍, മനോജന്‍ എന്നിവര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. കൂടാതെ മനോഹരന്റെ കട തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
കോളജില്‍ താലിബാനിസം നടപ്പാക്കുന്ന എസ്എഫ്‌ഐക്കെതിരെ ശക്തമായ സമപരിപാടികളുമായി മുന്നോട്ട് പോകുമെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് സുഖകരമായ പഠനാന്തരീക്ഷവും, വിവിധ പ്രസ്ഥാനങ്ങള്‍ക്ക് തുല്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച കാലത്ത് 9 മണിക്ക് നാദാപുരം റോഡില്‍ നിന്നും ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖ്, പാറക്കല്‍ അബ്ദുല്ല എംഎല്‍എ തുടങ്ങിയ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തി ല്‍ സമരസമിതി ചെയര്‍മാന്‍ അഡ്വ. ഐ മൂസ, ജനറല്‍ കണ്‍വീനര്‍ ഒകെ കുഞ്ഞബ്ദുല്ല, ഒഞ്ചിയം ബാബു, എംപി അബ്ദുല്ല ഹാജി, എഫ്എം അബ്ദുല്ല പങ്കെടുത്തു.

Next Story

RELATED STORIES

Share it