ernakulam local

വിദ്യാര്‍ഥിനികളെ അപമാനിച്ചവര്‍ക്കെതിരേ കേസെടുക്കണം: എസ്ഡിപിഐ

കാലടി: സംസ്‌കൃത സര്‍വകലാശാലയില്‍ ദലിത് ഗവേഷക വിദ്യാര്‍ഥിനികളെ ജാതിയുടെയും സ്ത്രീത്വത്തിന്റെയും പേരില്‍ അപമാനിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.
ജാതീയമായി അധിക്ഷേപിച്ചവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സര്‍വകലാശാലയില്‍ നിരാഹാര സമരം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.    ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ദലിത് വിദ്യാര്‍ഥികള്‍ കഴിഞ്ഞകാലങ്ങളില്‍ നേരിട്ട വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇവിടെയും കാണുന്നത്.
പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തവരെന്ന് കണ്ടെത്തിയവരെ ആദ്യഘട്ടത്തില്‍ സസ്‌പെന്റ്് ചെയ്ത സര്‍വകലാശാല പിന്നീട് പ്രതികള്‍ ഭരണപക്ഷക്കാരെന്ന് കണ്ടതോടെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
കുറ്റക്കാരെന്ന് ബോധ്യപ്പെട്ടവര്‍ക്കെതിരേ ദലിത് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി പോലിസിന് നല്‍കാന്‍ തയ്യാറാവാതിരുന്ന സര്‍വകലാശാല ഇരകള്‍ക്കെതിരേ നല്‍കിയ കള്ള പരാതി പോലിസിന് നല്‍കി അനീതി ചെയ്തിരിക്കുകയാണ്.
ദലിത് വിദ്യാര്‍ഥിനികള്‍ ഒരാഴ്ചയായി തുടരുന്ന നിരാഹാര സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ അധികൃതര്‍ തയ്യാറാവണം. അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ദലിത് വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സമരരംഗത്തിറങ്ങാന്‍ മടിക്കില്ലെന്നും എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു. സമരപന്തല്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തില്‍ നേതാക്കളായ കെ കെ സിദ്ദീഖ്, അംജത്ത് അലി, ജഅഫര്‍ കാലടി എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it