Kottayam Local

വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

തലയോലപ്പറമ്പ്: കടുത്തുരുത്തി പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികള്‍ക്ക് യാത്ര നിഷേധിച്ചതിനെച്ചൊല്ലി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. ഇന്നലെ വൈകീട്ടാണ് ഇതുസംബന്ധിച്ച് തലയോലപ്പറമ്പ് ബസ് സ്റ്റാന്റില്‍ പ്രശ്‌നം അരങ്ങേറുന്നത്.
മുട്ടുചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന പോളിടെക്‌നിക്ക് ആപ്പാഞ്ചിറയിലേക്കു മാറ്റിയിരുന്നു. ആപ്പാഞ്ചിറയില്‍ ലിമിറ്റഡ് ബസ് സ്റ്റോപ്പുകള്‍ക്ക് സ്റ്റോപ്പില്ല. ഇതുസംബന്ധിച്ച് ഇവര്‍ തമ്മില്‍ ഇന്നലെ രാവിലെ പ്രശ്‌നം ഉണ്ടായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി പോലിസ് എത്തി പോളിടെക്‌നിക്കില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്നും ഇവരെ കയറ്റണമെന്നും നിര്‍ദേശിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ പഠനം കഴിഞ്ഞ് വൈകീട്ട് വിദ്യാര്‍ഥികള്‍ തിരികെ എത്തിയപ്പോള്‍ ബസ്സുകള്‍ നിര്‍ത്താന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് പ്രകോപിതരായ വിദ്യാര്‍ഥികള്‍ തലയോലപ്പറമ്പ് സ്റ്റാന്റില്‍ എത്തി നിര്‍ത്താതെ പോയ ബസ് ജീവനക്കാരുമായി പ്രശ്‌നം ഉണ്ടാക്കി. ബസ് തടഞ്ഞ വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐക്കാരും ഇവരെ മര്‍ദ്ദിച്ചത് സിഐടിയു യൂനിയനില്‍പെട്ട തൊഴിലാളികളുമാണെന്ന് പറയപ്പെടുന്നു.
സിപിഎം നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നു പറഞ്ഞെങ്കിലും ഇരുകൂട്ടരും വഴങ്ങിയില്ല. പരുക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായും പറയപ്പെടുന്നു.
Next Story

RELATED STORIES

Share it